പുനലൂർ: ഖരമാലിന്യ പരിപാലനത്തിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ച് പുനലൂർ നഗരസഭയെ സീറോ വേസ്റ്റ് നഗരസഭയായി പ്രഖ്യാപിക്കുന്നു. 10ന് വൈകിട്ട് 3ന് നഗരസഭയിലെ പ്ലാച്ചേരിയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി എ.സി.മൊയ്തീൻ പ്രഖ്യാപനം നടത്തുമെന്ന് നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കും. അഴുകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിച്ചും അഴുകാത്ത പാഴ് വസ്തുക്കൾ ഹരിതകർമ്മ സേനകൾ വഴി വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സമാഹരിച്ച് ഫലപ്രദമായി പരിപാലിച്ചുമാണ് സീറോവേസ്റ്റ് നഗരസഭയായി പുനലൂർ നഗരസഭ മാറുന്നത്. ഖരമാലിന്യ പരിപാലനത്തിൽ സ്വച്ഛ ഭാരത് മിഷൻ -ഹരിത കേരളമിഷൻ എന്നിവയുടെ മാർഗരേഖകൾ കൃത്യമായി പാലിച്ചതിനെ തുടർന്നാണ് സർക്കാർ പുനലൂർ നഗരസഭയെ സീറോവേസ്റ്റ് നഗരസഭയായി പ്രഖ്യാപിക്കുന്നത്. അഴുകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാൻ പുനലൂർ ശ്രീരാമപുരം മാർക്കറ്റ്, താലൂക്ക് ആശുപത്രി, ടി.ബി.ജംഗ്ഷൻ എന്നിവിടങ്ങളിൽ എയ്റോബിക് കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് മൂന്നുസ്ഥലങ്ങളിൽ കൂടി ഇതുസ്ഥാപിക്കും. നഗരസഭയിലെ 200 ലോക്കൽ കളക്ഷൻ സെന്ററുകൾ വഴി 127 അംഗ ഹരിതസേനകൾ അഴുകാത്ത മാലിന്യങ്ങൾ ശേഖരിച്ച് പ്ലാച്ചേരിയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ എത്തിക്കും. തുടർന്ന് ഇത് ഷ്രഡിംഗ് മെഷീൻ വഴി തരികളാക്കി റോഡ് ടാറിംഗ് മിശ്രിതത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.