കൊട്ടിയം: ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി 7ന് മുഖത്തലയിൽ ആർ.എസ്.എസും ബി.ജെ.പിയും നടത്തിയ പ്രകടനത്തിനിടെ പൊലീസ് സംഘത്തിനു നേരെ പ്രവർത്തകരുടെ ആക്രമണം. കെ.എസ്.ആർ.ടി.സി ബസിനു കല്ലേറ് നടത്തിയവരെ കസ്റ്റഡിയിലെടുത്ത കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സി.ഐ, എസ്.ഐ, എ.എസ്.ഐ അടക്കമുള്ള പൊലീസുകാർക്കാണ് പരിക്കേറ്റത്. പ്രവർത്തകരുടെ കല്ലേറിൽ എസ്.ഐ അനൂപിന്റെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസിനു കല്ലെറിഞ്ഞ ബി.ജെ.പി പ്രവർത്തകരെ സി.ഐ ജി. അജയനാഥും എ.എസ്.ഐ സുരേഷ് ബാബുവും തടഞ്ഞു. തുടർന്ന് സംഘർഷം രൂക്ഷമായപ്പോഴാണ് ആറ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിട്ടുകിട്ടാനായി പൊലീസ് സ്‌റ്റേഷൻ ഉപരോധിക്കാനെത്തിയ പ്രവർത്തകർ വീണ്ടും സ്‌റ്റേഷനു സമീപം അക്രമം അഴിച്ചു വിടുകയായിരുന്നു. കല്ലേറിൽ ഗുരുതര പരിക്കേറ്റ കൊട്ടിയം എസ്.ഐ അനൂപിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു പേരും കൊട്ടിയത്ത് ചികിത്സയിലാണ്.