harthal

തിരുവനന്തപുരം: ശബരിമല കർമ്മ സമിതി ബി.ജെ.പി പിന്തുണയോടെ ഇന്നലെ നടത്തിയ ഹർത്താലിൽ കൊല്ലം,​ ആലപ്പുഴ,​ പത്തനംതിട്ട ജില്ലകളിൽ പരക്കെ അക്രമ സംഭവങ്ങൾ അരങ്ങേറി. കൊല്ലം കരുനാഗപ്പള്ളിയിൽ കടകൾ അടപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് ബൈക്കുകൾക്ക് അക്രമികൾ തീയിട്ടു.

കരുനാഗപ്പള്ളിയിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ആലപ്പുഴയിൽ ബസുകൾക്ക് കല്ലേറ്

ആലപ്പുഴയിൽ പത്തിയൂർ ഗവ. ഹൈസ്കൂളിനു മുന്നിൽ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ടു. ഹ‌ർത്താൽ അനുകൂലികൾ ആറ് കെ.എസ്.ആർ.ടി.സി ബസുകളും തകർത്തു. ഇടതു പാർട്ടികളുടെ കൊടിമരവും ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. അമ്പലപ്പുഴ, കലവൂർ, മാരാരിക്കുളം എന്നിവിടങ്ങളിലാണ് ബസുകൾക്ക് നേരെ കല്ലേറുണ്ടായത്. കഞ്ഞിക്കുഴിയിൽ രണ്ടു കടകൾ തകർത്തു.

കോട്ടയത്തും അക്രമം

ഹർത്താലിൽ കോട്ടയം വൈക്കത്ത് ബാങ്ക് തുറക്കാൻ സംരക്ഷണം നൽകാൻ എത്തിയ സി.പി.എം പ്രവർ‌ത്തകരും ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടി. സി.പി.എം ഏരിയ സെക്രട്ടറി അടക്കം രണ്ടു പേർക്ക് പരിക്കേറ്റു.

പത്തനംതിട്ടയിൽ അടൂരിൽ ഹർത്താലനുകൂലികൾ സി.പി.എം ഏരിയാ കമ്മറ്റി ഒാഫീസ് തകർത്തു. സമീപത്തെ മദർതെരേസാ പാലിയേറ്റീവ് കെയർ സെന്ററിന്റെ ആംബുലൻസും അക്രമികൾ തകർത്തു. കോഴഞ്ചേരിക്കടുത്ത് പുല്ലാട്ട് ഹർത്താൽ അനുകൂലികളും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് എസ്. എെമാർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് പരിക്കേറ്റു.