പുനലൂർ:പുനലൂരിൽ ഹർത്താൽ അനുകൂലികൾ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇന്നലെ രാവിലെ 10ന് ബൈക്കിൽ എത്തിയസംഘം നരിക്കല്ലിലെ വാഴവിളയിൽ സി.പി.എമ്മിൻെറ കൊടിയും, കൊടിമരവും നശിപ്പിച്ചു. വ്യാപാരശാലകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിച്ചില്ല. പുനലൂർ ശ്രീരാമപുരം മാർക്കറ്റും പ്രവർത്തിച്ചില്ല. ഇരു ചക്രവാഹനങ്ങളും, ചില സ്വകാര്യ വാഹനങ്ങളും മാതമാണ് നിരത്തിലിറങ്ങിയത്.പുനലൂർ ഡിപ്പോയിൽ നിന്ന് ശബരിമല തീർത്ഥാടകർക്ക് വേണ്ടി പമ്പയിലേക്കുളള കെ.എസ്.ആർ.സി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ചെന്നൈയിൽ നിന്ന് ശബരിമല ദർശനത്തിന് പോകാൻ ട്രെയിൻ മാർഗം പുനലൂരിൽ എത്തിയ 50ഓളം അയ്യപ്പഭക്തർക്ക് പമ്പയിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സിയുടെ രണ്ട് സ്പെഷ്യൽ ബസുകൾ നൽകി. കർമ്മ സമിതി പ്രവർത്തകർ കർപ്പൂരാഴി ഉഴിഞ്ഞാണ് ഇവരെ യാത്രയയച്ചത്. തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകളിലും ഹർത്താൽ ജനജീവിതം നിശ്ചലമാക്കിയിരുന്നു. പുനലൂർ ടൗണിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി.