കരുനാഗപ്പള്ളി: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ കരുനാഗപ്പള്ളയിൽ വ്യാപക അക്രമം. പുത്തൻ തെരുവിന് സമീപം ദേശീയപാതയിൽ രണ്ട് ബൈക്കുകൾ കത്തിച്ചു. രണ്ട് ബൈക്കുകൾ തകർത്തു. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു. ഡി.വൈ.എഫ്.ഐ പുത്തൻതെരുവിന് വടക്കുവശം നിർമ്മിച്ചിരുന്ന വെയിറ്റിംഗ് ഷെഡ് ഹർത്താൽ അനുകൂലികൾ തകർത്തു. വനിത മതിലുമായി ബന്ധപ്പെട്ട് ദേശീയപാതയുടെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും പാർട്ടികളുടെ കൊടിമരങ്ങളും നശിപ്പിച്ചു.
അക്രമാസക്തമായ പ്രവർത്തകരെ പിരിച്ചുവിടാൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപം പൊലീസ് ടിയർഗ്യാസ് പൊട്ടിച്ചു. ചിതറി ഓടിയ പ്രവർത്തകർ പിന്നീട് സംഘടിച്ച് പ്രകടനം നടത്തി.
അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ ബി.ജെ.പി യുടെ കൊടി മരങ്ങൾ തകർത്തതും സംഘർഷത്തിന് വഴിതെളിച്ചു.
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടക്കുമ്പോൾ സി.പി.എം. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. പുതിയകാവിൽ നിന്ന് ടൗണിലേക്ക് വന്ന പ്രകടനത്തെ പുള്ളിമാൻ ജംഗ്ഷന് സമീപത്തു വച്ച് പൊലീസ് തടഞ്ഞു. സി.പി.എം. ഓഫീസിന് മുന്നിലൂടെ പ്രകടനം കടന്നുപോയാൽ സംഘട്ടനം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നുനടപടി. തുടർന്ന് സമരക്കാർ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഹൈസ്കൂൾ ജംഗ്ഷനിലേക്ക് പോകാൻ പൊലീസ് അനുവാദം നൽകി. പ്രകടനം മുന്നോട്ടുനീങ്ങിയതോടെ ഒരുപറ്റം പ്രവർത്തകർ എൽ.ഡി.എഫിന്റെ കൊടി തോരണങ്ങൾ നശിപ്പിക്കാൻ തുടങ്ങി. ഇതോടെ സി.ഐ.ടി.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇത് കല്ലേറിൽ കലാശിച്ചു. അക്രമം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് പൊലീസ് ടിയർ ഗ്യാസ് പൊട്ടിച്ചത്. ശബരിമല കർമ്മ സമിതിയുടെ പ്രകടനം ഹൈസ്കൂൾ ജംഗ്ഷനിൽ എത്തി രണ്ടായി പിരിഞ്ഞുപോയി. ബി.ജെ.പി നേതാക്കളായ എ.വിജയൻ, ടി.വി.സനിൽ, എസ്.കൃഷ്ണൻ, അനിൽ വാഴപ്പള്ളി, മാലുമേൽ സുരേഷ്, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സൂസൻകോടി, പി.ആർ.വസന്തൻ, പി.കെ.ബാലചന്ദ്രൻ, എം.ശോഭന,ബി.സജീവൻ,ഷംസുദ്ദീൻ മുസലിയാർ തുടങ്ങിയവർ നേതൃത്വം നൽകി. വൈകിട്ട് സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ആർ.രാമചന്ദ്രൻ എം.എൽ.എ, ജെ.ജയകൃഷ്ണപിള്ള, വിജയമ്മലാലി, കടത്തൂർ മൺസൂർ, അഡ്വ.പി.സുരൻ എന്നിവർ നേതൃത്വം നൽകി.
അക്രമ സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്ത ബി..ജെ.പി കരുനാഗപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ. രാജേഷ്, ബി.ജെ.പി പ്രവർത്തകരായ പ്രമോദ്കുമാർ(41), ജോഷി( 32), രാജേഷ്(32), വിഷ്ണു (27) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.