കൊല്ലം: മുഹമ്മദ് റാഫി ഫൗണ്ടേഷൻ സംഘടിപ്പിച്ച ആഗോള റാഫി സംഗീത മത്സരത്തിൽ തിരുവനന്തപുരം സ്വദേശി എം. രേഷ്‌മ ഒന്നാംസമ്മാനം നേടിയതായി പ്രസിഡന്റ് ഡോ. ഷിബു ഭാസ്‌കരനും ജനറൽ സെക്രട്ടറി എസ്.ഉണ്ണികൃഷ്‌ണൻനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാഗസുൽത്താൻ അവാർഡും സമ്മാനതുകയായ മൂന്ന് ലക്ഷം രൂപയും മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സമ്മാനിച്ചു.
ചെന്നൈ സ്വദേശി സഞ്ജയ് കെ.സതീഷ് രണ്ടാംസ്ഥാനവും ഗുജറാത്ത് സ്വദേശി നീലേഷ് ബ്രഹ്മഭട്ട് മൂന്നാംസ്ഥാനവും നേടി. രണ്ടാംസ്ഥാനത്തിന് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സമ്മാനം നൽകി.
മുഹമ്മദ് റാഫി ഫൗണ്ടേഷന്റെ മൂന്നാംവാർഷികവും ആഗോള റാഫി സംഗീതമത്സരവും അഷ്‌ടമുടി റാവീസിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി ഡോ. സി.വി. ആനന്ദബോസ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമ മുഹമ്മദ് റാഫി പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ഗവർണർ സമ്മാനിച്ചു. സി.വി.ആനന്ദബോസിന്റെ 'ആശയങ്ങളുടെ തമ്പുരാൻ" എന്ന പുസ്തകം ഡോ. പി.ജി. രാമകൃഷ്ണപിള്ളയ്ക്ക് ആദ്യപ്രതി നൽകി ഗവർണർ പ്രകാശനം ചെയ്തു. എ.എസ്.ഐ വി.സി. മുരുകേശ്, ട്രാഫിക് വാർഡൻ വി. ദീപകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ.ജോൺ ഡാനിയേൽ ഡോ. ശിവരാമകൃഷ്‌ണപിള്ള, ഡോ. റെയ്ച്ചൽ ഡാനിയേൽ, ഡോ. സുമിത്രരൻ, വിൽസൺ, എം.എസ്. ശ്യാംകുമാർ, പി. ജയലക്ഷ്മി, ഡോ. ഡി. സോമൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്. ഉണ്ണികൃഷ്‌ണൻ, പ്രസിഡന്റ് ഡോ. ഷിബു ഭാസ്‌കരൻ എന്നിവർ പ്രസംഗിച്ചു.