photo
കേരളപുരത്ത് ദേശീയപാതയോരത്ത് സംഭരിച്ചിട്ടുള്ള കരമണ്ണ്

കൊല്ലം: ഞാങ്കടവ് പദ്ധതിക്ക് പൈപ്പിടാനെടുത്ത മണ്ണ് വ്യാപകമായി കടത്തുന്നതായി ആക്ഷേപം. മുളവ പൊട്ടിമുക്ക് ഭാഗത്ത് നിന്ന് 150 ലോഡ് മണ്ണ് സ്വകാര്യ വ്യക്തികൾക്ക് മറിച്ചു വിറ്റതായാണ് അനൗദ്യോഗിക കണക്ക്. മുളവനയിലും പരിസരപ്രദേശങ്ങളിലും ഇത് സംബന്ധിച്ച പോസ്റ്റർ പ്രചാരണവും നടത്തിയിട്ടുണ്ട്. പുത്തൂർ ഞാങ്കടവ് മുതൽ വസൂരിച്ചിറ വരെയുള്ള 28 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് സ്ഥാപിക്കുന്നത്. 1219 മില്ലിമീറ്റർ വ്യാസമുള്ള എം.എസ് (മൈൽഡ് സ്റ്റീൽ) പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വലിയ ആഴത്തിലാണ് മണ്ണെടുക്കുന്നത്. ഈ മണ്ണിന്റെ വളരെ കുറച്ച് ഭാഗം മാത്രമേ കുഴി നികത്തി പൂർവ സ്ഥിതിയിലാക്കാൻ ഉപയോഗിക്കുന്നുള്ളൂ. ബാക്കി വരുന്ന മണ്ണ് റോഡിന്റെ മറ്റ് ഭാഗങ്ങൾ നിരപ്പാക്കാൻ ഉപയോഗിക്കുന്നുണ്ട്. ദേശീയപാതയിൽ നിന്ന് എടുത്ത മണ്ണിന്റെ ഒരു പങ്ക് ഇവിടെ നിന്നും മാറ്റിയിട്ടുണ്ടെങ്കിലും നല്ലൊരു പങ്ക് റോഡിന്റെ വശങ്ങളിൽത്തന്നെയുണ്ട്. എന്നാൽ മുളവന പൊട്ടിമുക്ക് റോഡിൽ നിന്നെടുത്ത മണ്ണിന്റെ മുക്കാൽ ഭാഗവും സ്വകാര്യവ്യക്തികൾക്ക് വിറ്റെന്നാണ് ആക്ഷേപം. മുളവന പൊട്ടിമുക്കിൽ ആദ്യം പൈപ്പ് ഇടുന്നതിനായി മണ്ണെടുത്തപ്പോൾ റോഡിന്റെ വശങ്ങളിൽത്തന്നെ കൂട്ടിയിട്ടിരുന്നു. ഇത് ഗതാഗതം തടസപ്പെടുത്തിയപ്പോഴാണ് കുടിവെള്ളടാങ്കിന് സമീപം മണ്ണ് നിക്ഷേപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇവിടേയ്ക്ക് കൊണ്ടുപോയ മണ്ണ് പാതിവഴിയിൽ വിൽക്കുകയായിരുന്നെന്നാണ് ആക്ഷേപം. 20 കിലോമീറ്ററിൽ കൂടുതൽ ഇനിയും പൈപ്പിടാനുണ്ട്. ഇവിടെയും റോഡിൽ നിന്ന് മണ്ണെടുക്കേണ്ടതായി വരും. മണ്ണ് സൂക്ഷിക്കുന്നതിനോ വിൽക്കുന്നതിനോ കൃത്യമായ നടപടിക്രമം പാലിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ മുന്നോട്ട് വെയ്ക്കുന്നത്.

പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ജോലികൾക്കായി വാട്ടർ അതോറിറ്റിക്ക് താത്കാലികമായി കൈമാറിയിരുന്നു. അതുകൊണ്ടുതന്നെ മണ്ണ് നീക്കം ചെയ്തതിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. പൊതുമരാമത്ത് റോഡ്സ് വിഭാഗം

വാട്ടർ ടാങ്കിന് സമീപം മണ്ണ് നിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. മണ്ണ് മറിച്ചുവിറ്റു എന്ന ആരോപണത്തെപ്പറ്റി ഒന്നും അറിയില്ല.

വാട്ടർ അതോറിറ്റി വിഭാഗം

പോസ്റ്ററുകൾ പ്രചരിക്കുന്നു

റോഡിന്റെ വശങ്ങളിലെ താഴ്ന്ന പുരയിടങ്ങൾ നികത്താൻ മണ്ണ് വലിയ തോതിൽ ഉപയോഗിച്ചിട്ടുണ്ട്. 3000 മുതൽ 5000 രൂപ വരെ നൽകിയാണ് പലരും ഒാരോ ലോഡ് കരമണ്ണ് വാങ്ങിയത്. ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് സൗജന്യമായി മണ്ണ് നൽകിയെന്നും പ്രചരിക്കുന്ന പോസ്റ്ററുകളിൽ വ്യക്തമാക്കുന്നുണ്ട്. മണ്ണ് വിൽക്കുന്നതിന് റവന്യൂ അധികൃതരുടേതടക്കമുള്ള നടപടിക്രമങ്ങൾ വേണമെന്നിരിക്കെയാണ് ഇവിടെ വ്യാപകമായി പൊതുമരാമത്ത് വകുപ്പിന്റെ റോഡിലുണ്ടായിരുന്ന കരമണ്ണ് കച്ചവടം നടത്തിയത്.