കുണ്ടറ: ബിവറേജസ് കോർപ്പറേഷന്റെ പെരുമ്പുഴ ഔട്ട്ലെറ്റിന്റെ ഭിത്തിതുരന്ന് മോഷണ ശ്രമം, സെക്യൂരിറ്റി ബഹളം വച്ചതോടെ നാലംഗസംഘം ഓടി രക്ഷപെട്ടു. ഇന്നലെ പുലർച്ചെയാണ് സംഭവം. കൗണ്ടറിന് സമീപത്തെ ഗ്രില്ല് പൊളിച്ച് ഇടനാഴിയിൽ കടന്ന ശേഷമാണ് ഒരു മണിക്കൂറോളമെടുത്ത് ഭിത്തിതുരന്നത്. പിക്കാസും ചുറ്റികയും ഉളിയും ഉപയോഗിച്ച് സംഘം ഭിത്തി തുരക്കുന്നതും പിന്നീട് ഒരാൾക്ക് കയറാവുന്ന ദ്വാരത്തിലൂടെ ഒന്നിനുപിന്നാലെ ഒന്നായി നാല് പേരും അകത്ത് കയറുന്നത് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. തുടർന്ന് കാമറ സംവിധാനം തകരാറിലാക്കി. കൗണ്ടറിൽ ഉണ്ടായിരുന്ന ഏഴുപതിനായിരം രൂപയും വിലകൂടിയ മദ്യകുപ്പികളും കൊണ്ട് പോകാനായി എടുത്തുവച്ചു. കൂടുതൽ മദ്യം പായ്ക്ക് ചെയ്യുന്നതിനിടയിൽ പുറത്ത് ഗ്രില്ല് പൊളിച്ചത് സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപ്പെടുകയും ഇയാൾ ബഹളം കൂട്ടിയതോടെ മോഷ്ടാക്കൾ ഓടി രക്ഷപെടുകയുമായിരുന്നു. ഉടൻതന്നെ കുണ്ടറ പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോഷ്ടാക്കൾ വന്ന വഴികളിലെ 4 സി.സി.ടി.വി കാമറകളും നശിപ്പിച്ച നിലയിലാണ്.ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവെടുപ്പ് നടത്തി.