polachira-ela
പുഞ്ചകൃഷിക്കായി ഒരുങ്ങുന്ന പോളച്ചിറ ഏലാ

ചാത്തന്നൂർ: നിയോജക മണ്ഡലത്തിലെ നെല്ലറയായ ചിറക്കര ഗ്രാമ പഞ്ചായത്തിലെ പോളച്ചിറ ഏല പുഞ്ചക്കൃഷിക്കായി ഒരുങ്ങുന്നു. 1500 ഏക്കറോളം വിസ്തൃതിയുള്ള ഏലായിൽ 250 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ഇതിനായി ഏലായിലെ വെള്ളം ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കി വിട്ടാണ് നിലമൊരുക്കിയത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ത്രിതല പഞ്ചായത്തും ചിറക്കര കൃഷിഭവനും സംയുക്തമായാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. ജ്യോതി ഇനം വിത്താണ് ഇത്തവണ വിതയ്ക്കുന്നത്. നാളെ രാവിലെ 10 ഒാടെ വിത്ത് വിതയ്ക്കും.

കരമൊടുക്ക് രസീതുള്ള എല്ലാ പാടശേഖരത്തിനും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ഇത്തവണ ലഭ്യമാക്കും. പോളച്ചിറയിൽ കഴിഞ്ഞ തവണ 85.5 ഹെക്ടറിൽ കാഞ്ചന ഇനം വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. പാടശേഖര സമിതിയുടെ കണക്കനുസരിച്ച് അന്ന് 400 ടൺ നെല്ലാണ് കൊയ്തെടുത്തത്. ഗ്രാമ പഞ്ചായത്തിന്റെ ചിറക്കര ബ്രാൻഡ് അരി ഓണത്തിന് വിപണിയിൽ എത്തിക്കുന്നതിനായി 23 ടൺ നെല്ലാണ് സംഭരിച്ചത്. കൃഷി ഭവന്റെ നേതൃത്വത്തിൽ സപ്ലൈകോ വഴി 25 ടൺ നെല്ലും സംഭരിച്ചിരുന്നു.

 വിതയ്ക്കുന്നത് ജ്യോതി ഇനം വിത്ത്

പോളച്ചിറ ഏലായിൽ ഇത്തവണ ജ്യോതി ഇനം വിത്താണ് വിതയ്ക്കുന്നത്. 120 ദിവസം മൂപ്പ് വരുന്ന ജ്യോതി ഇനം വിത്തിന് നല്ല രീതിയിൽ പരിചരണം ലഭിച്ചാൽ ഹെക്ടറിന് 5 ടൺ വരെ ഉത്പാദനം ലഭിക്കും.

 കർഷകർക്കുള്ള സബ്സിഡി

ഒരു കിലോ വിത്തിന് 40 രൂപ

വളത്തിന് 50 ശതമാനം

കുമ്മായത്തിന് 75 ശതമാനം

 എല്ലാ തരിശു നിലങ്ങളിലും കൃഷി

ചിറക്കര പഞ്ചായത്തിൽ തരിശായിക്കിടക്കുന്ന എല്ലാ പാടശേഖരങ്ങളിലും കൃഷി നടത്തുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. പോളച്ചിറ ഏലായിൽ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ് ഇത്തവണ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തിലും മികച്ച ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.

ടി.ആർ. ദീപു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്