photo
തകർന്ന് കിടക്കുന്ന കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ - കാരൂർക്കടവ് റോഡ്.

കരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷൻ - കാരൂർക്കടവ് റോഡിലൂടെയാണോ വാഹനയാത്ര? സൂക്ഷിക്കണം. നടുവൊടിയാൻ സാദ്ധ്യതയുണ്ട്. റോഡിന്റെ മൂന്ന് കിലോമീറ്ററോളം തകർന്നുകിടക്കുകയാണ്. കുന്നത്തൂർ താലൂക്കിനെ കരുനാഗപ്പള്ളിയുമായി ബന്ധപ്പിക്കുന്ന പൊതുമരാമത്തു വകുപ്പിന്റെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണിത്. മിക്കഭാഗങ്ങളിലും കുഴികളാണ് . കുഴിയിൽ വീഴുന്ന വാഹനങ്ങൾ കരകയറ്റാൻ ഡ്രൈവർമാർ പെടുന്നപാട് ചില്ലറയല്ല. ഒരു ദശാബ്ദത്തിന് മുമ്പാണ് റോഡ് ടാർ ചെയ്തത്. ഇതിന് ശേഷം വല്ലപ്പോഴും കുഴികൾ അടച്ചിട്ടുള്ളതല്ലാതെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വേനൽ ആരംഭിച്ചതോടെ തകർന്ന റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് വിനയാകുന്നു. കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് നിരവധി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. കൂടാതെ നൂറുകണക്കിന് വാഹനങ്ങളാണ് കുന്നത്തൂരിലേക്കും കരുനാഗപ്പള്ളിയിലേക്കും വന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

. മിക്ക ഭാഗങ്ങളിലും ഓടകൾ ഇല്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം. തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ വ്യവസായ കേന്ദ്രമായ വെളുത്തമണൽ ജംഗ്ഷൻ മഴക്കാലത്ത് വെള്ളക്കെട്ടായി മാറും. ഇവിടെ നിന്ന് ഓട നിർമ്മിച്ച് ഐ.എച്ച്.ആർ.ഡി.എൻജിനീയറിംഗ് കോളേജിന്റെ സമീപത്തുകൂടി പോകുന്ന ഓടയുമായി ബന്ധിപ്പിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.തൊടിയൂർ വില്ലേജ് ഓഫീസ്, തൊടിയൂർ സർവീസ് സഹകരണ ബാങ്ക്, ഗ്രാമപഞ്ചായത്ത് ഓഫീസ്, തൊടിയൂർ എൽ.പി സ്കൂൾ, ഇൻഡസ്ട്രീയൽ എസ്റ്റേറ്റ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയെല്ലാം റോഡിന്റെ പരിധിയിൽ വരുന്നതാണ്. റോഡിന്റെ പുനരുദ്ധാരണത്തിനായി പൊതുമരാമത്ത് വകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെൻഡർ കൊള്ളാതെ കരാറുകാർ മാറിനിൽക്കുകയാണ്. മതിയായ ഫണ്ട് ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് പറയുന്നു.

----

തകർന്നത് 3 കിലോമീറ്റർ

ഒാടയില്ലാത്തത് പ്രശ്നം