rivar
കൊല്ലം-തിരുമംഗലം ദേശിയ പാതയോരത്തെ ഒറ്റക്കൽ പാറക്കടവിലെ ആറ്റ് തീരത്ത് ഇരുമ്പ് വേലി സ്ഥാപിക്കാൻ ഇരുമ്പ് പൈപ്പുകൾ പാകിയപ്പോൾ.

പുനലൂർ: കൊല്ലം-തിരുമംഗലം ദേശിയ പാതയോരത്തെ കല്ലടയാറ്റിലെ ഒറ്റക്കൽ പാറക്കടവിൽ സുരക്ഷയൊരുക്കും. മുങ്ങിമരണങ്ങൾ വർദ്ധിച്ചതോടെയാണ് ആറ്റുതീരത്ത് ഇരുമ്പുവേലി സ്ഥാപിക്കാൻ തുടങ്ങിയത്. വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് ഇവിടെ മുങ്ങിമരിച്ചത്. .അപകട മേഖലയായ ഇവിടെ അപകട സൂചന ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളകൗമുദി പലതവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണക്കിലെടുത്ത് കെ.ഐ.പി അപകട സൂചനാബോർഡുകൾ സ്ഥാപിച്ചെങ്കിലും അത് അവഗണിച്ചും ആളുകൾ ആറ്റിലിറങ്ങി. തുടർന്ന് 15ലക്ഷം രൂപ ചെലവഴിച്ചാണ് കെ.ഐ.പി. ഇരുമ്പുവേലികൾ സ്ഥാപിക്കാൻ തുടങ്ങിയത്. 275 മീറ്റർ നീളത്തിലാകും വേലികൾ സ്ഥാപിക്കുന്നത്. ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന വിനോദ സഞ്ചാരകളും സമീപത്തെ സ്കൂളിലെ കുട്ടികളും ഉൾപ്പെടെയാണ് മുങ്ങിമരിച്ചത്. ഇതിന് സമീപത്തെ ഒറ്റക്കൽ മുസ്ലീം പളളിയിലെ ചന്ദക്കുട മഹോത്സവത്തിന് എത്തിയ തമിഴ്നാട് സ്വദേശികളും മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ വർഷം കരുനാഗപ്പള്ളി സ്വദേശികളായ രണ്ട് വിദ്യാർത്ഥികളാണ് അവസാനമായി മുങ്ങിമരിച്ചത്. കല്ലടയാറ്റിലെ പാറക്കെട്ടുകൾക്കിടയിലെ വഴുക്കലിൽ തെന്നിയും, ആഴം അറിയാതെയും കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചവരിൽ ഏറെയും.

​​​------

പദ്ധതി ചെലവ്- 15 ലക്ഷം

വേലിയുടെ നീളം - 275 മീറ്റർ