കൊല്ലം: തനത് കേരളീയ ഭക്ഷണമേളയും കലാവതരണവും ശ്രദ്ധേയമാക്കിയ ജടായു കാർണിവലിന് ചാരുത പകർന്ന് മണിപ്പൂർ, അസം കലാകാരന്മാരുടെ നൃത്തപ്രകടനം. ധോൻചോലം, പങ്‌ചോലം, താൻട, സാത്രിയ എന്നീ നൃത്തരൂപങ്ങൾ കാണികൾക്ക് പുതു അനുഭവം പകർന്നു. രണ്ട് ദിവസമായി ജടായു കാർണിവലിന്റെ മുഖ്യ ആകർഷണമായിരുന്നു അമ്പതോളം കലാകാരന്മാർ അണിനിരന്ന നൃത്തപരിപാടി. സാന്ധ്യാശോഭയിൽ ദീപാലംകൃതമായ ജടായു ശില്പത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നൃത്ത അവതരണം.
ചടയമംഗലം ജടായു എർത്ത് സെന്ററിൽ ഡിസംബർ 22 ന് ആരംഭിച്ച കാർണിവലിൽ ദിവസവും വൈകുന്നേരങ്ങളിൽ വൈവിദ്ധ്യമാർന്ന കലാപ്രകടനങ്ങൾ നടന്നു വരികയാണ്. കാർണിവലിന്റെ ഭാഗമായി 11ന് റഷ്യൻ ഫെസ്റ്റ് നടക്കും. റഷ്യൻ ചിത്രകാരി അല്യോന ഈരേത്തിന്റെ ചിത്ര പ്രദർശനവും തനത് റഷ്യൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും റഷ്യൻ ഫെസ്റ്റിന് കൊഴുപ്പു കൂട്ടും. രാത്രിയിൽ ലോകപ്രശസ്ത റഷ്യൻ നൃത്തസംഘം ലാറിസയുടെ ജിപ്‌സി, കോക്കേഷ്യൻ, ഫ്‌ളമെങ്കോ തുടങ്ങിയ നൃത്തരൂപങ്ങൾ അരങ്ങേറും.
ദിവസവും മൂവായിരത്തോളം ആളുകൾ ജടായു കാർണിവൽ കാണാനെത്തുന്നുണ്ട്.
ജടായുവിന്റെ ജീവിതംകഥ മണിപ്പൂരി നൃത്തമാവുന്നു
ജടായുവിന്റെ ജീവിതകഥ ഇനി മണിപ്പൂരി നൃത്ത ചുവടുകളിലൂടെ ലോകമെങ്ങും പരക്കും. ചടയമംഗലം ജടായു എർത്ത് സെന്ററിലെ കാർണിവലിൽ നൃത്തം അവതരിപ്പിക്കാനെത്തിയ സംഘമാണ് ജടായുവിന്റെ ജീവിതകഥ മണിപ്പൂരി നൃത്തമായി ആവിഷ്കരിക്കുന്നത്. അടുത്ത വർഷത്തെ ജടായു കാർണിവലിൽ ഇത് അവതരിപ്പിക്കും.