കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ നിർമ്മാണം പൂർത്തിയാകുന്ന അസാപ് സ്കിൽ പാർക്ക് ഫെബ്രുവരി 2ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. വൈകിട്ട് 3.30ന് ചേരുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ.ടി.ജലീൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് അനുവദിച്ച ഒമ്പത് സ്കിൽ പാർക്കുകളിൽ ആദ്യത്തേതാണ് കുളക്കടയിൽ തുറക്കുന്നത്.
എം.സി റോഡിനോട് ചേർന്ന് കുളക്കട ഗവ. ഹയർസെക്കൻഡറി സ്കൂളിന് എതിർവശത്താണ് സ്കിൽ പാർക്ക് സ്ഥാപിച്ചിട്ടുള്ളത്. 25,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരസഹായം കൂടാതെ സുരക്ഷിതമായി കേന്ദ്രത്തിലെ എല്ലായിടത്തും എത്താൻ കഴിയുന്നവിധം കെട്ടിടത്തിനകത്തും പുറത്തും പ്രത്യേക രീതിയിൽ ടാക്ട് ടൈലുകൾ പാകി നടപ്പാത ഒരുക്കിയിട്ടുണ്ട്.
അത്യാധുനിക സംവിധാനങ്ങളുള്ള ലാബുകൾ, സോളാർ പവർ പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് മഴവെള്ള സംഭരണികൾ, 11 കെ.വി വൈദ്യുതി കണക്‌ഷൻ, 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ഉയർന്ന ശേഷിയുള്ള ജനറേറ്റർ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
300 പേർക്ക് പരിശീലനം
സാധാരണക്കാർക്കും അന്താരാഷ്ട്ര നിലവാരമുള്ള തൊഴിൽ നൈപുണ്യം ഉറപ്പ് വരുത്താൻ സ്കിൽ പാർക്കിന് കഴിയുമെന്നാണ് പ്രതീക്ഷ. ഒരു സമയം 300 പേർക്ക് പരിശീലനം നൽകാനുള്ള സൗകര്യമാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. വിദേശ കമ്പനികളുടെ സഹകരണത്തോടെയാണ് തൊഴിൽ നൈപുണ്യ ക്ളാസുകൾ ക്രമീകരിക്കുക. അതിനാൽ തൊഴിൽ സാദ്ധ്യത കൂടുതലാണ്. വിദേശ പരിശീലകരുടെ സേവനവും ലഭ്യമാക്കും.
നിർമ്മാണ ചെലവ് 13 കോടി രൂപ
എ.ഡി.ബി സഹായത്തോടെ സംസ്ഥാന സർക്കാർ അനുവദിച്ച 13 കോടി രൂപ ചെലവഴിച്ചാണ് കുളക്കടയിൽ അസാപ് സ്കിൽ പാർക്ക് സ്ഥാപിച്ചത്. പരിശീലന സാമഗ്രികളുടെ ചെലവ് ഇതിന് പുറമെയാണ്.
'അസാപ്പിന്റെ സ്കിൽ പാർക്ക് ഒരുപാട് പേർക്ക് തൊഴിൽ ലഭിക്കാൻ വഴിയൊരുക്കും. സംസ്ഥാനത്ത് അനുവദിച്ച സ്കിൽ പാർക്കുകളിൽ ആദ്യത്തേത് കുളക്കടയിൽ തുടങ്ങാൻ കഴിയുന്നത് ഭാഗ്യമാണ്. ഘട്ടം ഘട്ടമായി കൂടുതൽ കോഴ്സുകൾ ആരംഭിക്കും".
പി. ഐഷാപോറ്റി എം.എൽ.എ