photo
അഞ്ചാലുംമൂട് ജംഗ്ഷനിൽ റോഡിന്റെ അടിയിൽക്കൂടിയുള്ള ഓട വൃത്തിയാക്കുന്നു

കൊല്ലം: രണ്ട് പതിറ്റാണ്ടിലധികമായി കെട്ടിക്കിടന്ന അഞ്ചാലുംമൂട് ജംഗ്ഷനിലെ ഓടയിലെ മാലിന്യം നീക്കം ചെയ്തു. പ്രധാന റോഡുകളുടെ അടിഭാഗത്തുള്ള രണ്ട് ഓടകളിൽ ഒന്നിൽ നിന്ന് പൂർണമായും രണ്ടാമത്തേതിന്റെ പകുതി ഭാഗത്തെയും മാലിന്യം നീക്കം ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ മാലിന്യവും മാറ്റി വെള്ളം സുഗമമായി ഒഴുകാൻ പ്രാപ്തമാക്കും.

നവംബർ 17ന് ഈ വിഷയം ചൂണ്ടിക്കാട്ടി 'അഞ്ചാലുംമൂട്ടിൽ ഓടനിറഞ്ഞ് മാലിന്യം' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് കോർപ്പറേഷൻ കൗൺസിലർ എം.എസ്. ഗോപകുമാർ മുൻകൈയെടുത്ത് പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ ഓട വൃത്തിയാക്കാനുള്ള നടപടി ആരംഭിച്ചു.

കൊല്ലം - തേനി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഓട നവീകരിച്ചപ്പോഴും അഞ്ചാലുംമൂട് ജംഗ്ഷനിലെ ഓട വൃത്തിയാക്കിയിരുന്നില്ല. റോഡിന്റെ അടിഭാഗത്തായതിനാൽ പുറമേ നിന്ന് കാണാൻ കഴിയില്ല. എന്നാൽ മാലിന്യം കെട്ടിനിന്നതിനാൽ ഇവിടെ വലിയ തോതിൽ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. ഓടയുടെ മുകളിൽ പ്രവർത്തിക്കുന്ന ഓട്ടോ സ്റ്റാൻഡിലുള്ളവരാണ് ഏറെക്കാലമായി ഈ ദുർഗന്ധം സഹിച്ചിരുന്നത്. ഓട വൃത്തിയാക്കിയതോടെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർക്കും പ്രദേശവാസികൾക്കും ഇനി ശുദ്ധവായു ശ്വസിക്കാം.

 ഓവുകൾ അടയ്ക്കും

ഹോട്ടലുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഓടയിലേക്ക് തുറക്കുന്ന ഓവുകൾ പൂർണമായും അടയ്ക്കും. സെപ്റ്റിക് ടാങ്ക് മാലിന്യമടക്കം ഓടയിലേക്ക് തുറന്ന് വിടുന്നതായും ആരോപണമുണ്ട്. ഇവയ്ക്കെല്ലാം ഉടനടി പരിഹാരമുണ്ടാക്കും. കുപ്പണ റോഡ് ഉയർത്തി റോഡിലൂടെ ഒഴുകുന്ന വെള്ളം ഓടയിലേക്ക് ഒഴുക്കുന്നതിനെക്കുറിച്ച് ആലോചിക്കും. നല്ല രീതിയിൽ നീരൊഴുക്കുണ്ടായാൽ മാലിന്യം കെട്ടിനിൽക്കില്ല.

എം.എസ്. ഗോപകുമാർ (കൗൺസിലർ, കൊല്ലം കോർപ്പറേഷൻ)

വൃത്തിയാക്കിയത് ഒരു തൊഴിലാളി!

യന്ത്രസാമഗ്രികൾ കൊണ്ട് നീക്കം ചെയ്യാൻ കഴിയാത്തതിനാൽ ഒരാൾക്ക് വളരെ പണിപ്പെട്ട് മാത്രം ഇറങ്ങാൻ കഴിയുന്ന ഓടയിലേക്ക് സാഹസികമായി ഒരു തൊഴിലാളി കയറിയാണ് മാലിന്യം നീക്കിയത്. തുണിയുടെ അവശിഷ്ടങ്ങൾ,​ കുപ്പികൾ എന്നിവയുൾപ്പെടെയുള്ള മാലിന്യമാണ് കഴിഞ്ഞ ഇരുപത് വർഷമായി കെട്ടിനിന്ന് നീരൊഴുക്ക് പൂർണമായും തടസപ്പെടുത്തിയത്. റോഡ് പൊളിക്കാതെ ഓട വൃത്തിയാക്കാൻ വിദഗ്ദ്ധ തൊഴിലാളികളുടെ സേവനം ആവശ്യമായതിനാലാണ് വൃത്തിയാക്കൽ നീണ്ടത്. വിദഗ്ദ്ധനായ തൊഴിലാളിയെ കിട്ടിയതോടെ വൃത്തിയാക്കൽ തുടരുകയാണ്.