photo
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി

ശുചിത്വ പരിപാലന പരിശോധനയിൽ ജില്ലയിൽ ഒന്നാം സ്ഥാനം

നേട്ടത്തിന് സഹായിച്ച് മികച്ച സൗകര്യങ്ങളും കൂട്ടായ്മയും

കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ കായകൽപ്പം അവാർഡ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക്. ശുചിത്വ പരിപാലന പരിശോധനയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും ലഭിച്ച ആശുപത്രിക്ക്

ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം, പ്രവർത്തനമികവ് തുടങ്ങിയവ വിലയിരുത്തിയാണ് അവാർഡ് ലഭിച്ചത്. ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സർക്കാർ കായകല്പം അവാർഡ് ഏർപ്പെടുത്തിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രികൾ എന്നിവയിൽ നിന്നാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാന തലത്തിലുള്ള പരിശോധനയും പൂർത്തിയാക്കിയിരുന്നു.

ആശുപത്രിക്ക് മികച്ച നേട്ടം നേടിയെടുക്കാൻ സഹായിച്ച ജീവനക്കാർ, സാമൂഹ്യ,രാഷ്ട്രീയ പ്രവർത്തകർ, എം.എൽ.എ അടക്കമുള്ളവർക്ക് നഗരസഭാ ചെയർപേഴ്സൺ എം.ശോഭന, സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ് എന്നിവർ നന്ദി അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും.

വികസനത്തിന്റെ ചരിത്രം ഇങ്ങനെ

സംസ്ഥാനത്ത് ഏറ്റവും അധികം രോഗികൾ ചികിത്സതേടി എത്തുന്ന ആശുപത്രികളിൽ ഒന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി. 1956 ൽ പി.എച്ച്.സി ആയി ആരംഭിച്ച ഇതിനെ 1967ലാണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. 1995ൽ ഫസ്റ്റ് റഫറൽ യൂണിറ്റായി മാറി. 2010ൽ കാഷ്വാലിറ്റിയും ഒ.പി ബ്ലോക്കും പ്രവർത്തനം തുടങ്ങി.

നഗരസഭാ അധികൃതർ മുൻകൈയെടുത്ത് അൾട്രാസൗണ്ട് സ്കാനിംഗ്, ഡയാലിസ് യൂണിറ്റ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിറ്റൽ എക്സ്റേ യൂണിറ്റും ശീതീകരിച്ച ഫാർമസിയും, ലോൺട്രി യൂണിറ്റ്, കമ്പ്യൂട്ടറൈസ്ഡ് ഒ.പി തുടങ്ങിയവയും നടപ്പാക്കി. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 96 കോടി രൂപയുടെ വികസന മാസ്റ്റർ പ്ലാനിന് സർക്കാരിന്റെ ഭരണാനുമതി നേടിയെടുക്കാനും കഴിഞ്ഞു.

2018 ഡിസം. 31വരെയുള്ള കണക്കുകൾ

* ഒ.പി വിഭാഗത്തിൽ എത്തിയത്: 3,09,013 രോഗികൾ

* കാഷ്വാലിറ്റിയിൽ മാത്രം 1,63,286 രോഗികൾ

* ഐ.പിയിൽ 8,989 രോഗികളെത്തി

* കിടക്കകൾ 195 എണ്ണം

* കിടത്തിച്ചികിത്സിക്കുന്നത്: 250ലധികം രോഗികളെ

* ഒരു മാസം: 40 ഓളം പ്രസവ കേസുകൾ

* ഒപ്പം 300 ഓളം മേജർ ഓപ്പറേഷനുകളും