കൊല്ലം: മുഖ്യമന്ത്രിക്കും പൊലീസ് സേനയ്ക്കുമെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത കൊല്ലം കമ്മിഷണർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടും എൻ.ജി.ഒ അസോസിയേഷൻ നേതാവുമായ എസ്. ഷിബുവിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.
മുഖ്യമന്ത്രിക്കും സേനയിലെ ഒരു ഉദ്യോഗസ്ഥനുമെതിരെ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഷിബു ഷെയർ ചെയ്തത്. ഇതിന് പുറമെ രാഷ്ട്രീയ ചുവയുള്ള നിരവധി പോസ്റ്റുകൾ ഇയാൾ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് പ്രത്യേകം റിപ്പോർട്ട് തയ്യാറാക്കുകയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിനാസ്പദമായ പോസ്റ്റുകൾ ഷിബു ഫേസ്ബുക്കിൽ നിന്ന് നീക്കിയെങ്കിലും സൈബർ സെൽ അവ വീണ്ടെടുത്തിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യംചെയ്യും. അറസ്റ്റിനും സാദ്ധ്യതയുണ്ട്. മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് ഐ.പി.സി 409, അപകീർത്തിപ്പെടുത്തിയതിന് ഐ.പി.സി 500, പൊലീസ് ആക്ടിലെ 120 ഒ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.