കൊല്ലം: പള്ളിമുക്കിൽ തയ്യൽത്തൊഴിലാളിയായ അജിതകുമാരിയെ കഴുത്തറുത്ത് കൊന്നത് വർഷങ്ങളായി ഇവരുമായി അകന്ന് കഴിയുന്ന ഭർത്താവ് സുകുമാരനാണെന്ന് അന്വേഷണസംഘം. ഇരവിപുരം സി.ഐ ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12നാണ് വടക്കേവിള പള്ളിമുക്ക് അക്കരവിള നഗർ 158 എയിൽ അജിതകുമാരി (48) പള്ളിമുക്കിലുള്ള ഇവരുടെ 'ഫൈൻ സ്റ്റിച്ചിംഗ്" എന്ന സ്ഥാപനത്തിൽ കൊല്ലപ്പെട്ടത്.
ഹോട്ടൽ തൊഴിലാളിയായ സുകുമാരൻ താമസിച്ചിരുന്ന ആണ്ടാമുക്കത്തെ ലോഡ്‌ജിൽ നടത്തിയ തെരച്ചിലിൽ കൊലപാതക സമയത്ത് ഇയാൾ ധരിച്ചിരുന്നതെന്ന് കരുതുന്ന രക്തം പുരണ്ട ഷർട്ടും സ്‌കൂട്ടറും പൊലീസ് കണ്ടെത്തി. സംഭവത്തിനു ശേഷം ലോഡ്‌ജിലെത്തി വസ്ത്രം മാറി സ്‌കൂട്ടർ ഉപേക്ഷിച്ച് സുകുമാരൻ നാടുവിട്ടു.
സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ സുകുമാരൻ കടയിൽ തയ്‌ച്ചുകൊണ്ടിരുന്ന അജിതകുമാരിയുടെ വായിൽ തുണി തിരുകിയ ശേഷം കഴുത്തറുക്കുകയായിരുന്നു. കഴുത്ത് പകുതി അറ്റശേഷം മരണം ഉറപ്പാക്കാൻ കത്തി കുത്തിയിറക്കി. നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു.
കൊലപാതകത്തിന് അരമണിക്കൂർ മുമ്പ് മുതൽ സുകുമാരന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. സുകുമാരൻ പോകാൻ ഇടയുണ്ടെന്ന് കരുതുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.