photo
തീരസംരക്ഷണ ഭിത്തി ഇല്ലാതെ കിടക്കുന്ന കൊതുമുക്ക് വട്ടക്കായലിന്റെ ഭാഗങ്ങൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയിൽ വരുന്ന കൊതുമുക്ക് വട്ടക്കായലിന്റെ ഇരു വശങ്ങളും കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 400 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന വട്ടക്കായിൽ കൊല്ലം ജില്ലയിലെ പ്രധാന ജലസ്ത്രോതസുകളിൽ ഒന്നാണ്. അടൂരിൽ നിന്ന് ആരംഭിക്കുന്ന പള്ളിക്കലാറും കായംകുളം കായലിലൂടെ കടന്നുപോകുന്ന ടി.എസ്.കനാലും സന്ധിക്കുന്നത് കൊതുമുക്ക് വട്ടക്കായലിലാണ്. വിശാലമായിക്കിടക്കുന്ന കായൽ തീരത്തിന്റെ വരമ്പേൽകടവ് വരെ ജലസേചന വകുപ്പ് കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കോഴിക്കോട് മൂത്തേത്ത് കടവ് മുതൽ പടിഞ്ഞോറോട്ട് പുത്തൻചന്ത കടത്തുകടവ് വരേയും സംരക്ഷണ ഭിത്തി ഉണ്ട്. ഇതിന് രണ്ടിനും ഇടയിൽ വരുന്ന രണ്ടര കിലോമീറ്റർ തീരമാണ് ഭിത്തി കെട്ടാതെ അവശേഷിക്കുന്നത്. ഇവിടെ കരിങ്കൽഭിത്തി കെട്ടി തീരം സംരക്ഷിക്കണമെന്നുള്ളത് നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമാണ്. മഴസീസണിലും ശക്തമായ വേലിയേറ്റം ഉണ്ടാകുന്ന അവസരങ്ങളിലും തീരം ഇടഞ്ഞ് കായിലിലേക്ക് താഴാറുണ്ട്.അയണിവേലിക്കുളങ്ങര അമൃതാ സുനാമി പുനരധിവാസ കോളനിയും വട്ടക്കായലിന്റെ തീരത്താണ്. 54 വീടുകളാണ് ഇവിടെ ഉള്ളത്. ഇതു കൂടാതെ നൂറ്കണക്കിന് വീടുകളാണ് കായൽ തീരത്ത് ഉള്ളത്. വർഷങ്ങളുടെ പഴക്കമുള്ള പല വീടുകളും കായൽത്തീരത്തോട് അടുത്താണ് നിൽക്കുന്നത്. തീരങ്ങളിലെ മണ്ണ് ഇടിഞ്ഞ് പോയതു കാരണം പല വീടുകളും അപകട ഭീഷണി നേരിടുകയാണ്. തീരദേശ പരിപാലന നിയമം നിലവിൽ ഉള്ളതിനാൽ വീടുകളിൽ അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയാതെ വീട്ടുകാർ വലയുകയാണ്. തീരദേശ നിയമം നിലവിൽ വരുന്നതിന് മുമ്പ് നിർമ്മിച്ചതാണ് മിക്ക വീടുകളും. ഈ വീടുകളുടെ പുനരുദ്ധാരണത്തിനായി മുൻസിപ്പാലിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പണം നൽകാറില്ല. തീരം ക്രമാതീതമായി ഇടിഞ്ഞുതാഴുന്നതാണ് തീരവാസികളെ അങ്കലാപ്പിലാക്കുന്നത്. നിലവിലുള്ള വീടുകൾ തകർന്നുവീണാൽ പുതിയവ നിർമ്മാക്കാൻ തീരദേശ പരിപാലന നിയമം അനുവദിക്കുന്നില്ല. അതിനാലാണ് തീരം സംരക്ഷിക്കണെമെന്ന ആവശ്യവുമായി തീരദേശവാസികൾ രംഗത്തെത്തിയത്. തീരത്തുടനീളം കരിങ്കൽഭിത്തി നിർമ്മിച്ചാൽ മണ്ണിടിച്ചിൽ തടയാനും ഇതു വഴി വീടുകൾ സംരക്ഷിക്കാനും കഴിയുമെന്നാണ് തീരദേശ വാസികൾ പറയുന്നത്.