tkm
കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജും ബ്രിട്ടനിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന രാജ്യന്തര ശില്പശാല തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ധനലഭ്യതയുടെ പരിമിതികൾ മാത്രമല്ല, മികച്ച ശാസ്ത്ര - സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെ അപര്യാപ്തതയും പ്രളയനാന്തര പുനർനിർമ്മാണം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പറഞ്ഞു. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജും ബ്രിട്ടനിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രളയനാന്തര പുനർനിമ്മിതി ആസ്‌പദമാക്കിയുള്ള ദ്വിദിന രാജ്യന്തര ശില്പശാലയുടെ ആദ്യദിനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടനിലെ റോയൽ അക്കാദമി ഒഫ് എൻജിനിയറിംഗിന്റെയും സംസ്ഥാന ആസൂത്രണ ബോർഡിന്റെയും മുഖ്യ പങ്കാളിത്തത്തോടെയും ശാസ്ത്ര - സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെയുമാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്.
ആധുനിക സാങ്കേതിക വിദ്യയുടെയും വിവരശേഖരണത്തിന്റെയും സമർത്ഥമായ സംയോജനമാണ് പുനർനിർമ്മിതിയുടെ മുഖ്യഘടകം. ഇതിനായി വിദ്യാർത്ഥികളെ മാത്രമല്ല, സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെയും സാങ്കേതികമായി ബോധവത്കരിക്കാനും പരിശീലിപ്പിക്കാനും കഴിയുന്ന സന്നദ്ധകേന്ദ്രങ്ങളായി സാങ്കേതിക കലാലയങ്ങൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂവിനിയോഗ നിയന്ത്രണ നിയമങ്ങളുടെ ദൗർബല്യങ്ങളും അപര്യാപ്തതയും ആസൂത്രണ പ്രക്രിയകളെ ഹാനികരമായി ബാധിക്കുമെന്ന് തുടർന്ന് സംസാരിച്ച ആസൂത്രണ ബോർഡംഗം ഡോ. കെ.എൻ ഹരിലാൽ പറഞ്ഞു.
റോയൽ അക്കാദമി ഒഫ് എൻജിനിയറിംഗ് പ്രോഗ്രാം മാനേജർ ശരത് ശർമ്മ, ലീഡ്‌സ് യൂണിവേഴ്‌സിറ്റി സിവിൽ വിഭാഗം മേധാവി ഡോ. പി.എ. മുഹമ്മദ് ബഷീർ, ബ്രിട്ടീഷ് ഹൈകമ്മിഷൻ പ്രതിനിധി മനു തോമസ്, ടി.കെ.എം കോളേജ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർ, ട്രഷറർ ജലാലുദ്ദീൻ മുസലിയാർ, പ്രിൻസിപ്പൽ ഡോ. എസ്. അയൂബ്, ഡോ. ബി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ലീഡ്‌സ് യൂണിവേഴ്‌സിറ്റി ഗവേഷകരായ ഡോ. അൻസി സ്ലെയ്ഗ്, ഡോ. സാനി ബാറിംഗ്ടൺ, ഡോ. ക്രിസ് വൈറ്റ്‌ലോ, ഡോ. മാർക്ക് ട്രിഗ്ഗ്, ഡോ. വാസിലിസ് സർധാസിസ്, മദ്രാസ് ഐ.ഐ.ടി.യിലെ ഡോ. കെ.പി. സുധീർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.