k-surendran

കൊല്ലം: അധികാരം ഉപയോഗിച്ച് സംഘപരിവാർ പ്രസ്ഥാനങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ തെരുവിൽ നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അയ്യപ്പഭക്തരും വിശ്വാസികളും രണ്ടാംകിട പൗരൻമാരാണെന്ന ധാരണ വേണ്ട. വർഗീയ കലാപം ലക്ഷ്യമിട്ടാണ് ശബരിമല കർമ്മസമിതിയുടെ ഹർത്താലിനെ സി.പി.എം സമീപിച്ചത്. ചില പ്രത്യേക കേന്ദ്രങ്ങളിൽ മാത്രം കടകൾ തുറപ്പിക്കാൻ സി.പി.എം നേതാക്കൾ രംഗത്തിറങ്ങി. ഹർത്താൽ പൊളിക്കാൻ പാലക്കാട് എസ്.പി കീഴുദ്യോഗസ്ഥർക്ക് വയർലസ് സന്ദേശം നൽകി. പള്ളി ആക്രമിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പ്രതിയായി. ഇതെല്ലാം വർഗീയ കലാപമെന്ന സി.പി.എം ലക്ഷ്യത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്. ശബരിമലയിലെ ആചാര സംരക്ഷണത്തിനായുള്ള സമരവുമായി ബി.ജെ.പി മുന്നോട്ട് പോകും.

ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സർക്കാർ നേരിടേണ്ടി വരും. പൊലീസ് രാജ് നടപ്പാക്കിയാൽ കേരളത്തിലെ ജയിലുകൾ മതിയാകില്ല. രാജ്യത്തിന്റെയാകെ ഭരണം തങ്ങളുടെ കൈയിലാണെന്ന് മുഖ്യമന്ത്രി കരുതരുത്. എൻ.എസ്.എസിനെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരെയും മുഖ്യമന്ത്രിയും കോടിയേരിയും നാട് നീളെ നടന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. 15ന് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്തെത്തും. കൊല്ലം, ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ റാലിയിൽ പങ്കെടുക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.