police-qurters
സംരക്ഷണമില്ലാതെ തകന്നടിഞ്ഞ് നശിക്കുന്ന കുളത്തൂപ്പുഴ പൊലീസ് ക്വോട്ടേഴ്സ്.

കുളത്തൂപ്പുഴ: ദയനീയമാണ് കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷന്റെ അവസ്ഥ. ഇവിടെ നിയമനം ലഭിച്ചെത്തുന്നവർ ഏതുവിധേനയും തിരികെ മടങ്ങും. അത്രയ്ക്ക് കഷ്ടമാണ് സ്ഥിതി. ജീവനക്കാർക്ക് താമസിക്കുന്നതിനോ വസ്ത്രം മാറുന്നതിനോ പോലുമുള്ള സൗകര്യം ഇവിടെയില്ല. വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്. ആദിവാസി, തോട്ടം മേഖലകളാണ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളതിലേറെയും. പൊലീസുകാരുടെ എണ്ണത്തിൽ കുറവുണ്ടാകരുതെന്നാണ് ചട്ടം. പക്ഷേ അസൗകര്യങ്ങൾ മൂലം പൊലീസുകാർ ഇവിടെ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. ഇവിടേക്ക് മാറ്റം ലഭിച്ച് എത്തുന്നവ‌ർ അവധിയിൽ പ്രവേശിക്കുകയോ മറ്റെവിടേക്കെങ്കിലും മാറ്റം സംഘടിപ്പിക്കുകയോ ആണ് പതിവ്. രണ്ട് എ.എസ്.എെ മാരുടെ ഉൾപ്പെടെ കുറവുണ്ട് . വനിതാപൊലീസുകാരുടെ കാര്യമാണ് ഏറെ കഷ്ടം. വിശ്രമിക്കുന്നതിനോ അന്തി ഉറങ്ങുന്നതിനോ എന്തിന് വസ്ത്രങ്ങൾ മാറ്റി ഉടുക്കുന്നതിന് പോലും സൗകര്യമില്ല. വനിതാകുറ്റവാളികളെ പാർപ്പിക്കുന്ന മുറിയാണ് ഇവരുടെ ഏക ആശ്രയം. മുമ്പ് സ്റ്റേഷൻ താത്കാലികമായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഒഴിഞ്ഞുകിടക്കുകയാണെങ്കിലും തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നത് ഇവിടെയാണ്. 2 ഏക്കർ 28സെന്റ് ഭൂമി ആഭ്യന്തര വകുപ്പിന്റെ ആധീനതയിൽ ടിംബർ ഡിപ്പോയ്ക്ക് സമീപമുണ്ട്. ഇതിൽ ക്വാർട്ടേഴ്സുകൾ ഉണ്ടെങ്കിലും കാലപ്പഴക്കം മൂലം പലതും പൊളിച്ചുനീക്കി. ഈ ഭൂമി ചുറ്റുവേലി കെട്ടി സംരക്ഷിച്ച് തൊണ്ടി മുതലുകൾ ഇവിടേക്ക് മാറ്റിയാൽ സ്റ്റേഷനിൽ സൗകര്യം ഒരുക്കാൻ കഴിയും.