പുനലൂർ: ശബരിമല ദർശനത്തിന് പുനലൂർ വഴിയെത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. ദിവസവും ആയിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന പുനലൂർ ടി.ബി.ജംഗ്ഷനിലും കല്ലടയാറിന്റെ തീരത്തെ സ്നാനഘട്ടത്തിലും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും സൗകര്യമില്ല. തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്കുചെയ്യുന്ന ടി.ബി ജംഗ്ഷൻ മുതൽ വാളക്കോട് വരെയുളള പാതയോരത്താണ് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നത്. ഇവിടെ ദുർഗന്ധം രൂക്ഷമാണ്. കല്ലടയാറ്റിലെ സ്നാനഘട്ടത്തോട് ചേർന്ന ശൗചലയങ്ങളിൽ ഭൂരിഭാഗവും അടച്ചുപൂട്ടിയിരിക്കുകയാണ്. അവശേഷിക്കുന്നവയ്ക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരും. നഗരസഭയുടെ നിയന്ത്രണത്തിലാണ് സ്നാനഘട്ടവും വിശ്രമ കേന്ദ്രവും. സ്നാനഘട്ടത്തോട് ചേർന്നുള്ള കാന്റീൻ പ്രവർത്തിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു. കരാർ നൽകാത്തതാണ് ഇതിന് കാരണമെന്ന് പറയുന്നു.രണ്ട് മാസം മുമ്പ് സ്ഥലം എം.എൽ.എ.ആയ മന്ത്രി കെ.രാജു പുനലൂരിൽ വിളിച്ചുചേർത്ത യോഗത്തിൽ തീർത്ഥാടകർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും ഒന്നും പാലിച്ചില്ല. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ബന്ധപ്പെട്ടവരാരും തീർത്ഥാടകരുടെ സൗകര്യങ്ങൾ അന്വേഷിക്കാൻ പോലും എത്തിയിട്ടില്ലെന്ന് ഹൈന്ദവ സംഘടനാനേതാക്കൾ ആരോപിച്ചു. വാഹന നിയന്ത്രണത്തിന് പൊലിസിനെ നിയോഗിച്ചതുമാത്രമാണ് നടപടി. ടി.ബി.ജംഗ്ഷനിലെ ഇടത്താവളത്തിൽ പ്രവർത്തിക്കുന്ന വ്യാപാരശാലകളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാനും സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാനും ഉദ്യോഗസ്ഥർ എത്താത്തതും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.