photo
കിളികൊല്ലൂർ തോടിന്റെ അയത്തിൽ ഭാഗത്ത് മാലിന്യം കെട്ടിനിൽക്കുന്നു

കൊല്ലം: സംരക്ഷണ പദ്ധതികളൊക്കെ ഫയലിൽ ഉറങ്ങുമ്പോൾ നീരൊഴുക്ക് നിലച്ച കിളികൊല്ലൂർ തോട്ടിൽ അയത്തിൽ ഭാഗത്ത് മാലിന്യം ചീഞ്ഞുനാറുന്നു. വെള്ളം നിറം മാറി കറുത്ത് പുഴുനുരയ്ക്കുകയാണ്. ദുർഗന്ധം മൂലം തോടിന്റെ പരിസരത്തുകൂടി നടക്കാൻ പോലും കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെയും സമീപവാസികളുടെയും പരാതി.

17 കിലോമീറ്റർ നീളവും രണ്ട് മീറ്റർ മുതൽ 20 മീറ്റർ വരെ വീതിയുമുള്ള തോടിന്റെ ഇരുകരകളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.

അയത്തിൽ ജംഗ്ഷനും പുളിയത്തുമുക്കിനും ഇടയിൽ കലുങ്കിന് സമീപത്താണ് കൂടുതൽ ദുരിതം. രാത്രികാലങ്ങളിൽ ഇവിടെ റോഡിൽ നിന്ന് മാലിന്യം തോട്ടിലേക്ക് തള്ളുന്നതായി പ്രദേശവാസികൾ പറയുന്നു. ഒരു ഭാഗത്ത് കുളവാഴയും പായലും വളർന്നതിനാൽ ഇവിടെ തള്ളുന്ന മാലിന്യം പുറമേ കാണാൻ കഴിയില്ല. കുളവാഴ ഇല്ലാത്ത ഭാഗങ്ങളിലും ഇറച്ചി അവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യവും തള്ളുന്നുണ്ട്.

തോടിന്റെ സംരക്ഷണ പദ്ധതികൾക്കായി എല്ലാത്തവണയും കോർപ്പറേഷൻ തുക നീക്കി വയ്ക്കാറുണ്ടെങ്കിലും ഫലപ്രാപ്തിയിൽ എത്താറില്ല. ഒക്ടോബർ 8ന് 'നഗരഹൃദയത്തിൽ കാളിന്ദി പോലെ കിളികൊല്ലൂർ തോട്' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്ന് കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തോടിന്റെ സംരക്ഷണത്തിനായി പണം നീക്കിവച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് പ്രതികരണവും നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ദിവസം കഴിയുംതോറും തോടിന്റെ മുഖം കൂടുതൽ വികൃതമാവുകയും ജനങ്ങൾ ദുരിതമനുഭവിക്കുകയുമാണ്.

 കിളിക്കൊല്ലൂർ തോട് (17 കിലോമീറ്റർ)

ഇളമ്പള്ളൂർ പഞ്ചായത്തിലെ പുനുക്കന്നൂർ ചിറയിൽ നിന്ന് നീർച്ചാലായി ഉത്ഭവിച്ച് തൃക്കരുവ, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ പിന്നിട്ട് കൊല്ലം നഗരസഭയിലൂടെ ഒഴുകി മങ്ങാട് വഴി അഷ്ടമുടി കായലിൽ എത്തിച്ചേരുന്നതാണ് കിളികൊല്ലൂർ തോട്.

 ശ്വാസം മുട്ടിച്ച് മാലിന്യവും കുളവാഴയും

തോടിന്റെ പലഭാഗത്തായി കുളവാഴയും പായലും വളർന്നിരിക്കുകയാണ്. കോഴി വേസ്റ്റുൾപ്പെടെയുള്ള മാലിന്യവും തോട്ടിലേക്ക് തള്ളുന്നുണ്ട്. ഇവയെല്ലാം കൂടി കെട്ടിക്കിടന്ന് മഴക്കാലത്ത് പോലും വെള്ളം ഒലിച്ച് പോകാൻ പറ്റാത്ത സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.