muthupilkadu
മുതുപിലാക്കാട്ട് ആക്രമണത്തിൽ വീടിന്റെ ജനാല തകർന്ന നിലയിൽ

കുന്നത്തൂർ:ശാസ്താംകോട്ട മുതുപിലാക്കാട് മേഖലയിൽ ബി.ജെ.പി, സി.പി.എം സംഘർഷം . തിങ്കളാഴ്ച രാത്രി ഒരുമണിയോടെ രണ്ട് ബി.ജെ.പി നേതാക്കൻമാരുടെ വീടുകൾക്ക് നേരെ ആക്രമണം നടന്നു.ബി.ജെ.പി കുന്നത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ് മുതുപിലാക്കാട് പടിഞ്ഞാറ് ശാരദാ ഭവനത്തിൽ കെ.രാജേന്ദ്രന്റെയും ബൂത്ത് പ്രസിഡന്റ് അമ്പാടിയിൽ ബാബുവിന്റെയും വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വീടുകളുടെ മുൻഭാഗത്തെ ജനൽചില്ലുകൾ അടിച്ചുതകർത്ത നിലയിലാണ്. ബാബുവിന്റെ വീട്ടുമുറ്റത്ത് വച്ചിരുന്ന സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു. ശബ്ദംകേട്ട് ലൈറ്റ് തെളിച്ചതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. രാത്രിയിൽ തന്നെ ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇടിഞ്ഞകുഴി, പൈപ്പുമുക്ക് എന്നിവിടങ്ങളിൽ ആർ.എസ്.എസ് സ്ഥാപിച്ചിരുന്ന കാത്തിരിപ്പു കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം പൊലീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. ഇടിഞ്ഞകുഴിയിൽ സി.പി.എം പ്രാദേശിക നേതാവും മുൻ പഞ്ചായത്തംഗവുമായ ടി.എസ് വാസുദേവൻ നായരുടെ വീടിനു നേരെ ആക്രമണം നടന്നിരുന്നു.പോർച്ചിൽ കിടന്ന കാർ എറിഞ്ഞു തകർക്കുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് 5 ബിജെപി പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു.ഇതിന്റെ തുടർച്ചയാണ് തിങ്കളാഴ്ച നടന്ന അക്രമം.