കൊല്ലം: ബൈപാസിന്റെ ഉദ്ഘാടനം 15ന് നടക്കാനിരിക്കേ പ്രധാന ഇടറോഡുകൾ ബൈപാസുമായി ഇനിയും ലിങ്ക് ചെയ്തിട്ടില്ലെന്ന് പ്രദേശവാസികളുടെ പരാതി. ചെറുതും അപ്രധാനപ്പെട്ടതുമായ നിരവധി റോഡുകൾ ബൈപാസുമായി ലിങ്ക് ചെയ്തിട്ടും തട്ടാമലയിൽ നിന്ന് പാലത്തറയിലെത്തുന്ന പ്രധാന റോഡാണ് ബൈപാസുമായി ലിങ്ക് ചെയ്യാത്തത്.
നിത്യേനെ ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളും കടന്നു പോവുന്നതാണ് തട്ടാമല-പാലത്തറ പ്രധാന റോഡ്. തട്ടാമലയിൽ നിന്നുള്ള റോഡ് ബൈപാസിൽ അവസാനിക്കുന്നിടത്ത് ഇപ്പോൾ ടാറിംഗിനായി ഇറക്കിയിട്ട മെറ്റലും പലയിടത്ത് നിന്നായി കൊണ്ടുവന്ന മണ്ണും കുന്നുകൂട്ടിയിട്ട് ബൈപാസിലേക്കുള്ള വഴി തന്നെ ഏറക്കുറേ അടഞ്ഞ നിലയിലാണിപ്പോൾ. മേവറം മുതൽ കാവനാട് വരെയുള്ള പല ചെറിയ റോഡുകളും ബൈപാസുമായി കൂട്ടിയിണക്കി ടാർ ചെയ്തപ്പോൾ പാലത്തറയിലെ പ്രധാനറോഡിനെ പൂർണമായും അവഗണിക്കുകയാണ്.
അധികൃതരുടെ അവഗണന
തട്ടാമല - പാലത്തറ റോഡും തട്ടാമല കൈത്തറി സംഘത്തിനടുത്ത് നിന്ന് പാലത്തറ ക്ഷേത്രത്തിലേക്കുള്ള റോഡും വർഷങ്ങളായി തകർന്നു കിടന്നിട്ടും ബന്ധപ്പെട്ടവരാരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ല. കോർപ്പറേഷന് തന്നെ നാണക്കേടുണ്ടാക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കാൻ പ്രദേശത്തെ ജനപ്രതിനിധികളും മുൻകൈയെടുക്കുന്നില്ല. രണ്ടു റോഡുകളും തകർന്നടിഞ്ഞ് കിടക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾ കടന്ന് പോവുന്നത് ഏറെ പണിപ്പെട്ടാണ്. മെറ്റൽ മുഴുവൻ ഇളകിയ നിലയിലായതിനാൽ മഴക്കാലമായാൽ കാൽനടയാത്ര പോലും അസാദ്ധ്യമാവും. റോഡുകൾ നന്നാക്കാൻ കോർപ്പറേഷന് വിവിധ പദ്ധതികളുണ്ടെങ്കിലും ഈ രണ്ട് റോഡുകളോടുമുള്ള അധികൃതരുടെ അവഗണന തുടരുകയാണ്.
എളുപ്പ മാർഗം
പാലത്തറ എൻ.എസ് ആശുപത്രി, മെഡിസിറ്റി, പാലത്തറ ക്ഷേത്രം, മുള്ളുവിള എസ്.എൻ പബ്ളിക് സ്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് പുറമേ അയത്തിൽ, കണ്ണനല്ലൂർ, കല്ലുംതാഴം എന്നീ സ്ഥലങ്ങളിലേക്ക് പോകാനും എളുപ്പ മാർഗമാണിത്. മയ്യനാട്, കൂട്ടിക്കട, വാളത്തുംഗൽ, ഇരവിപുരം തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് തട്ടാമല വഴി എളുപ്പത്തിൽ ബൈപാസിലെത്താനും തട്ടാമല-പാലത്തറ റോഡ് സഹായകരമാണ്.