ob-amal

കുന്നത്തൂർ: വാഹനാപകടത്തിൽ പിതാവ് മരിച്ചതിന് പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും മരിച്ചു. എ.ഐ.എസ്.എഫ് ശൂരനാട് മണ്ഡലം കമ്മിറ്റി അംഗവും ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അർച്ചനയിൽ (നെല്ലിപ്പിളളിൽ) പരേതനായ രാജൻപിള്ളയുടെയും വിജയശ്രീയുടെയും മകനുമായ അമൽ (20) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറോടെ കൊല്ലം- തേനി ദേശീയപാതയിൽ ഭരണിക്കാവ് പുന്നമൂടിന് തെക്ക് കോട്ടവാതുക്കൽ ജംഗ്ഷനിലെ വളവിലാണ് അപകടം നടന്നത്.

മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ രാജൻപിള്ളയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് കൊണ്ടുവരുന്നതിനിടയിലായിരുന്നു അപകടം. രാജൻപിള്ളയുടെ സഹോദരൻ ജയകുമാർ ഓടിച്ചിരുന്ന കാർ കോട്ടവാതുക്കൽ ജംഗ്ഷനിൽ മുന്നിൽ പോയ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ടൂറിസ്റ്റ് ബസിൽ ഇടിച്ചുകയറുകയായിരുന്നു. തെങ്ങമത്ത് നിന്ന് ശിവഗിരിയിലേക്ക് തീർത്ഥാടകരുമായി പോയതായിരുന്നു ബസ്.

ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിന്റെ മുൻ ഭാഗത്ത് കുടുങ്ങിയ രാജൻപിള്ളയെ രക്ഷിക്കാൻ ഓടിക്കൂടിയ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രാജൻപിള്ള മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.