ob-jipson-21

കുണ്ടറ: കാഞ്ഞിരകോട് ടെക്നോപാർക്കിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഏവിയേഷൻ ഡിപ്ലോമ വിദ്യാർത്ഥിയും കാഞ്ഞിരകോട് ആലുവിള വീട്ടിൽ പീറ്റർകുട്ടിയുടെ മകനുമായ ജിപ്സൻ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് രോഹിത് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. എതിർദിശയിൽ വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടെ വെളിച്ചം കണ്ണിലേക്കടിച്ചതാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമെന്നാണ് രോഹിത് പറയുന്നത്.

ഇടിയുടെ ആഘാതത്തിൽ രണ്ടുപേരുടെയും ബോധം നഷ്ടപ്പെട്ടിരുന്നു. അതുവഴിവന്ന കാൽനടയാത്രികനാണ് അപകടം സമീപത്തെ ക്ളബിലുണ്ടായിരുന്ന യുവാക്കളെ അറിയിച്ചത്. ഇവർ ചേർന്ന് ഇരുവരെയും കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജിപ്സനെ രക്ഷിക്കാനായില്ല. അമ്മ: ഷൈലജ.സഹോദരൻ: ഗോഡ്‌സൺ. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.