കൊല്ലം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള പഠന ഗവേഷണ പദ്ധതികൾക്ക് ബ്രിട്ടനിലെ റോയൽ അക്കാഡമി ഒഫ് എൻജിനിയറിംഗിന്റെ സഹായവാഗ്ദാനം. ബ്രിട്ടണിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയും കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുത്തുകൊണ്ട് ബ്രിട്ടൺ റോയൽ അക്കാഡമിയുടെ ന്യൂട്ടൺ - ബാഭ ഫണ്ടിംഗ് പ്രോഗ്രാം മാനേജർ ശാരദ് ശർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തസാദ്ധ്യതകൾ കൃത്യമായി പ്രവചിച്ച് മുന്നറിയിപ്പ് നൽകുന്ന സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള സംയുക്ത സംരംഭങ്ങൾക്ക് അക്കാഡമി സഹായം നൽകും. ഫെലോ പദവിയിലുള്ള ആയിരത്തി അഞ്ഞൂറിലധികം സാങ്കേതിക വിദഗ്ദ്ധർ റോയൽ അക്കാഡമിയിലുണ്ടെന്നും ശാരദ് ശർമ്മ പറഞ്ഞു. നവകേരള നിർമ്മാണ പദ്ധതിയുടെ സംസ്ഥാന കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, സംസ്ഥാന സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്, അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, മദ്രാസ് ഐ.ഐ.ടിയിലെ ഡോ. കെ.പി. സുധീർ, ബാംഗ്ലൂർ ഐ.ഐ.എസ്.സിയിലെ ഡോ. പി.പി. മജുംദാർ, ആസൂത്രണ ബോർഡംഗങ്ങളായ ഡോ. ബി. ഇക്ബാൽ, ഡോ. ടി. ജയരാമൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ആസൂത്രണ ബോർഡംഗം ഡോ. കെ.എൻ. ഹരിലാൽ എന്നിവർ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഏഴംഗ സംഘവുമായി ചർച്ച നടത്തി.