c
ഷീ ടാക്സി

കൊല്ലം: സ്ത്രീകളെ അർദ്ധരാത്രിയിലായാൽപ്പോലും ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ നഗരസഭയുടെ ഷീ ടാക്സികൾ വൈകാതെ നിരത്തിലിറങ്ങും. വൻ വിജയമായി മാറിയ ഊബർ, ഒലെ എന്നിവയുടെ മാതൃകയിലാണ് നഗരസഭയുടെ ഷീ ടാക്സികളുടെ പ്രവർത്തനം സജ്ജമാക്കുക. രാത്രിയിലടക്കം യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ പരമാവധി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ടാക്സി സംവിധാനത്തിന്റെ പ്രവർത്തനത്തിനായി പ്രത്യേക ആപ്പ് തയ്യാറാക്കും. ഈ ആപ്പ് വഴിയോ കൺട്രോൾ യൂണിറ്റിലെ മൊബൈൽ നമ്പർ വഴിയോ ടാക്സികൾ വിളിക്കാം. ഉടൻ തന്നെ യാത്രക്കാരുടെ അടുത്തേയ്ക്ക് ടാക്സിയെത്തും. ഓട്ടോക്കാരെയോ സ്വകാര്യ ടാക്സികളെയോ പോലെ കഴുത്തറുപ്പൻ കൂലി വാങ്ങില്ല. പരമാവധി കുറഞ്ഞ നിരക്കിൽ സ്ത്രീകൾക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താം. പോളയത്തോട്ടിൽ ആരംഭിക്കുന്ന ഷീ ലോഡ്ജിലാകും ടാക്സികളുടെ കൺട്രോൾ യൂണിറ്റ്. 24 മണിക്കൂറും സേവനം ലഭ്യമാകും. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ആദ്യം തമ്പടിക്കാനാണ് ആലോചന.

നടത്തിപ്പ് ചുമതല കുടുംബശ്രീക്ക്

കുടുംബശ്രീക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഡ്രൈവിംഗ് പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളുടെ സംരംഭക ഗ്രൂപ്പ് രൂപീകരിച്ച് നഗരസഭ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ള തുക കൈമാറും. ഈ സംരംഭക ഗ്രൂപ്പ് അംഗങ്ങൾ അവരുടെ ഗുണഭോക്തൃ വിഹിതം കൂടി ചേർത്താകും ടാക്സികൾ വാങ്ങുക. ലാഭത്തിൽ നിന്ന് നിശ്ചിതവിഹിതം മാറ്റിവച്ച് വീണ്ടും കൂടുതൽ ടാക്സികൾ വാങ്ങും.

 മെക്കാനിക്കും സ്ത്രീകൾ

അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക ചെലവാകുന്നത് സാമൂഹ്യനീതി വകുപ്പിന്റെ ഷീ ടാക്സികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് മറികടക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് വാഹനങ്ങളുടെ അറ്രകുറ്റപ്പണിയിലും പ്രത്യേക പരിശീലനം നൽകും.