കുളത്തൂപ്പുഴ: അധികൃതരുടെ അനാസ്ഥമൂലം കുളത്തൂപ്പുഴ വനം സെൻട്രൽ നഴ്സറി നാശാവസ്ഥയിൽ. 1984 ലാണ് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട,ആലപ്പുഴ ജില്ലകൾക്ക് ആവശ്യമായ വൃക്ഷതൈകൾ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ നഴ്സറി തുടങ്ങിയത്.

ആരംഭകാലത്ത് നാട്ടിലുള്ള നൂറുകണക്കിന് തൊഴിലാളികൾ ഇവിടെ പണിയെടുത്തിരുന്നു. ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമേയുള്ളു. ഉല്പാദനം കുറഞ്ഞതോടെയാണ് മറ്റുള്ളവരെ പിരിച്ചുവിട്ടത്. ഒരു റേഞ്ച് ഒാഫീസറുടെ കീഴിൽ ഫോറസ്റ്റർ ഉൾപ്പടെയുള്ളവർക്കാണ് നഴ്സറിയുടെ മേൽനോട്ട ചുമതല. നഴ്സറിയുടെ നടത്തിപ്പിന് ആവശ്യമായ പദ്ധതിയോ തുകയോ ഏറെനാളായി വനംവകുപ്പ് വകയിരുത്തുന്നില്ല. അൽക്കേഷ്യ, മാഞ്ചിയം തുടങ്ങിയ വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്നത് സർക്കാർ നിറുത്തിവച്ചതും നഴ്സറിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. തേക്കിൻതൈ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും ക്ലിയർ ഫില്ലിംഗ് നടക്കാൻ കാലതാമസമുണ്ട്.

ജൈവവളം നിർമ്മിക്കുന്നതും ഇവിടെത്തന്നെയാണ്. ഇതിനുള്ള തൊഴിലാളികളുമുണ്ട്. തുടക്കത്തിൽ 1500 മെട്രിക് ടൺ കമ്പോസ്റ്റ് നിർമ്മിച്ചിരുന്നു. ഇപ്പോൾ 100 മെട്രിക് ടൺ നിർമ്മിക്കാൻ പോലും അനുമതി ലഭിക്കുന്നില്ല. നഴ്സറിയിലെ ജോലികൾ നേരത്തെ കൺവീനർ വ്യവസ്ഥയിലായിരുന്നു. ഇത് കരാർ വ്യവസ്ഥയിലാക്കാൻ നീക്കം നടക്കുന്നുണ്ട് . ഇത് നഴ്സറിയെ കൂടുതൽ തകർക്കുമെന്ന് ആരോപണമുണ്ട്.