jatayu
ജടായു കാർണിവലിന്റെ ഭാഗമായി റഷ്യൻ ഫെസ്​റ്റിൽ അവതരിപ്പിക്കുന്ന നൃത്തം

കൊല്ലം: കാണികൾക്ക് നവ്യാനുഭവം പകരാൻ ജടായു കാർണിവലിന്റെ ഭാഗമായി റഷ്യൻ ഫെസ്​റ്റിന് ഇന്ന് ചടയമംഗലം ജടായു എർത്ത് സെന്റർ വേദിയാകും. ഒരു ദിവസം നീളുന്ന പരിപാടികളാണ് ഫെസ്​റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. റഷ്യൻ കലാകാരി അല്യോന ഈരത്തിന്റെ പെയിന്റിംഗ് പ്രദർശനത്തോടെ ഫെസ്​റ്റിന് തുടക്കമാകും. റഷ്യൻ ഗ്രാമീണ ജീവിതവും പ്രകൃതിയും ഒക്കെയാണ് അല്യോന തന്റെ പെയിന്റിംഗുകളിൽ വരച്ചിട്ടിരിക്കുന്നത്.

കഴിഞ്ഞ 19 വർഷമായി ഇന്ത്യയിൽ ജീവിക്കുന്ന ഈ കലാകാരിയുടെ ചിത്രങ്ങളിൽ ഇന്ത്യയും കേരളവും ഗ്രാമപ്രകൃതിയുമെല്ലാം തുടിച്ചു നിൽക്കുന്നു. കേരളത്തിന്റെ മാത്രം തനതു കലകളെയും, ആചാരങ്ങളെയും പകർത്തിവച്ചിട്ടുണ്ട് അല്യോന തന്റെ രചനകളിൽ. റഷ്യൻ ഫെസ്​റ്റിന്റെ മ​റ്റൊരു ആകർഷണം തനത് ഭക്ഷ്യമേളയാണ്. റഷ്യൻ വിഭവങ്ങളുടെ പ്രദർശനവും വിപണനവും ജടായു കാർണിവലിന്റെ ഭാഗമായി ഉണ്ടാകും.

ആഗോളതലത്തിൽ പ്രശസ്തമായ ലാരിസ ഡാൻസ് സ്​റ്റുഡിയോ അവതരിപ്പിക്കുന്ന റഷ്യൻ, യൂറോപ്യൻ നൃത്തങ്ങൾ റഷ്യൻ ഫെസ്​റ്റിന് ചാരുത പകരും. നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഈ സ്​റ്റുഡിയോ സൈബീരിയയിൽ നിന്നാണ് ജടായു കാർണിവലിൽ ഭാഗമായി എത്തുന്നത്. റഷ്യൻ തനത് നൃത്തമായ കോക്കേഷ്യൻ, ജിപ്‌സി ഡാൻസുകൾ എന്നവയും ജടായുവിന്റെ പശ്ചാത്തലത്തിൽ സന്ധ്യയ്ക്ക് അരങ്ങേറും. യൂറോപ്പ്യൻ നൃത്തമായ ഫ്‌ളമെൻകോ നൃത്തവും കാഴ്ചക്കാർക്ക് പുത്തൻ അനുഭവം പകരും. ജടായു എർത്ത് സെന്ററും, തിരുവന്തപുരത്തെ റഷ്യൻ കൾച്ചറൽ സെന്ററും സംയുക്തമായാണ് റഷ്യൻ ഫെസ്​റ്റ് സംഘടിപ്പിക്കുന്നത്.