കൊല്ലം: പരിസ്ഥിതി പ്രശ്നങ്ങളും ഫോസിൽ ഇന്ധനങ്ങളുടെ വില വർദ്ധനവും മൂലം നിരവധി രാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവട് മാറ്രുകയാണ്. ഭാവിയിൽ നിരത്തുകൾ കീഴടക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ലക്ഷ്യം വച്ച് കുതിക്കാനൊരുങ്ങുകയാണ് കുണ്ടറ കെൽ ഫാക്ടറി. കെൽ ഫാക്ടറിയിൽ ഉടൻ ആരംഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഹൈ ടോർക്ക് ഇൻഡക്ഷൻ മോട്ടോറിന്റെ നിർമ്മാണത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാൻ സർക്കാർ 5 കോടി രൂപയാണ് ഇതിനകം അനുവദിച്ചിരിക്കുന്നത്.
കെല്ലിൽ നിർമ്മിക്കുന്ന മോട്ടോർ വാങ്ങാൻ പ്രമുഖ വാഹനനിർമ്മാണ കമ്പനിയുമായി ധാരണയായി. മോട്ടോറിന്റെ സാങ്കേതികവിദ്യ മറ്റൊരു സ്ഥാപനത്തിൽ നിന്നാണ് കെൽ വാങ്ങുന്നത്. പരീക്ഷണാർത്ഥമുള്ള ഉത്പാദനം വൈകാതെ ആരംഭിക്കും. ആറ് മാസത്തിനുള്ളിൽ പൂർണതോതിൽ നിർമ്മാണം തുടങ്ങാനാണ് പദ്ധതി.
ഹൈ ടോർക്ക് ഇൻഡക്ഷൻ മോട്ടോർ നിർമ്മിക്കുന്ന കമ്പനികളിൽ നിന്ന് വിദഗ്ദ്ധരെയെത്തിച്ച് കെല്ലിലെ തൊഴിലാളികൾക്ക് പരിശീലനം നൽകാനുള്ള നടപടി ആരംഭിച്ചു. പുതിയ യൂണിറ്റിനുള്ള അടിസ്ഥാനസൗകര്യമൊരുക്കാൻ 18 കോടിയുടെ പദ്ധതിയാണ് കെൽ സമർപ്പിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിലാണ് അഞ്ച് കോടി അനുവദിച്ചത്.
നിർമ്മാണം 6 മാസത്തിനുള്ളിൽ
ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകളുടെ നിർമ്മാണം ആറ് മാസത്തിനുള്ളിൽ ആരംഭിക്കും. അടിസ്ഥാന സൗകര്യം സജ്ജമാക്കൽ ഉടൻ തുടങ്ങും.
ഹരികുമാർ
(ജനറൽ മാനേജർ, കുണ്ടറ കെൽ)
ജെൻ സെറ്റിന്റെ വമ്പൻ കരാറിന് സാദ്ധ്യത
ഹൈസ്പീഡ് ട്രെയിനുകളിലെ പവർ കാറിൽ ഉപയോഗിക്കുന്ന 'ജനറേറ്റർ - കം - എൻജിൻ സെറ്റ് നിർമ്മാണത്തിനുള്ള വമ്പൻ കരാർ കുണ്ടറ കെല്ലിന് ലഭിക്കാൻ സാദ്ധ്യത. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ക്ഷണിച്ച ടെണ്ടറിൽ കെൽ താല്പര്യപത്രം നൽകിയിരുന്നു. കരാർ ഉറപ്പിക്കുന്നതിന് മുന്നോടിയായി കോച്ച് ഫാക്ടറി അധികൃതരുമായി കെൽ ജനറൽ മാനേജർ കഴിഞ്ഞ ദിവസം ചർച്ച നടത്തി. 128 ജെൻ സെറ്റുകൾക്കുള്ള ടെണ്ടറാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി ക്ഷണിച്ചിട്ടുള്ളത്. ഏകദേശം ഒരു കോടി രൂപയാണ് ഒരു ജെൻസെറ്റിന്റെ നിർമ്മാണച്ചെലവ്. ജനറേറ്റർ മാത്രമാണ് കെല്ലിൽ നേരിട്ട് നിർമ്മിക്കുന്നത്. ക്യുമിൻസ് എന്ന കമ്പനിയിൽ നിന്ന് എൻജിൻ വാങ്ങി ജനറേറ്ററുമായി ഘടിപ്പിക്കും.