പുനലൂർ:പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള അതിഥി മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി. പുനലൂർ ടി.ബി.ജംഗ്ഷനിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം. പഴയ കെട്ടിടം പൊളിച്ചുമാറ്റിയ ശേഷമാണ് മൂന്നുനിലിയിൽ പുതിയ റെസ്റ്റ് ഹൗസ് പണിതത്. ശീതീകരിച്ച രണ്ട് വി.ഐ.പി.മുറികൾ കൂടാതെ 12 മുറികൾ, നൂറിലധികം പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, കാന്റീൻ ,വിശാലമായ കാർ പാക്കിംഗ് ഏരിയ, പൂന്തോട്ടം തുടങ്ങിയവയുണ്ട്. ഏറ്റവും താഴത്തെ നില കാർ പാർക്കിംഗിനായി ഉപയോഗിക്കും. മറ്റ് രണ്ടുനിലകളിലാണ് മുറികളും കോൺഫറൻസ് ഹാളും. മനോഹരമായ ഫർണിച്ചറുകളാകും ഉപയോഗിക്കുകയെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ സിയാദ് അറിയിച്ചു.പുതിയ റെസ്റ്റ് ഹൗസിനോട് ചേർന്ന് രാജഭരണ കാലത്ത് പണിത പഴയ അതിഥി മന്ദിരത്തിന്റെ തനിമ നിലനിറുത്തി സംരക്ഷിച്ചിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്. ഫർണീച്ചറുകൾ ലഭ്യമായാലുടൻ മുഖ്യമന്ത്രി അതിഥി മന്ദിരം നാടിന് സമർപ്പിക്കുമെന്ന് സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജു അറിയിച്ചു.