കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ചവറ ടൈറ്റാനിയം ഫാക്ടറിയിലേക്കുള്ള റെയിൽപ്പാത സമാന്തര റോഡാക്കി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പള്ളിക്കലാറിനും കൊതുമുക്ക് വട്ടക്കായലിനും സമാന്തരമായി പോകുന്ന റെയിൽപ്പാത ഫാക്ടറി വളപ്പിലാണ് അവസാനിക്കുന്നത്. നാലരപ്പതിറ്റാണ്ടിന് മുമ്പാണ് കമ്പനിയുടെ ആവശ്യത്തിന് റെയിൽപ്പാത നിർമ്മിച്ചത്. 7 കിലോമീറ്ററോളം ദൈർഘ്യമുള്ള റെയിൽപ്പാതയ്ക്ക് ഏറ്റെടുത്ത സ്ഥലത്തിന്റെ വീതി 18 മീറ്റർ വരും. കമ്പനിയുടെ പ്രവർത്തനത്തിനാവശ്യമായ കൽക്കരി ഗുഡ്സ് മാർഗം എത്തിക്കുന്നതിന് വേണ്ടി ഇന്ത്യൻ റെയിൽവേയുടെ മേൽനോട്ടത്തിലാണ് പാത നിർമ്മിച്ചത്. 6 വർഷം മാത്രമാണ് പാത കമ്പനി ഉയോഗിച്ചത്. 92 മുതൽ കമ്പനി കൽക്കരി ഉപേക്ഷിക്കുകയും ഫർണസ് ഓയിൽ ഉപയോഗിച്ച് ബോയ് ലറുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തു. ഇതോടെ റെയിൽപ്പാതയിലൂടെയുള്ള ഗുഡ്സിന്റെ വരവുനിലച്ചു. പിന്നീട് റെയിൽപ്പാത കമ്പനി ഉപയോഗിക്കാതായതോടെ നിർമ്മാണത്തിനായി ഉപയോഗിച്ച ഗ്രാവലും കായൽ മണ്ണും പലരും കൊണ്ടുപോയി. ഇപ്പോൾ റെയിൽപ്പാതയുടെ വശങ്ങളിൽ നാട്ടുകാർ ചീനിയും ചേമ്പും മറ്റും കൃഷിചെയ്യുന്നു. ആർക്കും വേണ്ടാത്ത നിലയിലാണ് റെയിൽപ്പാത. വശങ്ങളിൽ പലയിടങ്ങളിലും ചെറിയ റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. റെയിൽപ്പാളങ്ങൾ ഇളക്കിമാറ്റി ഇവിടെ സമാന്തരറോഡ് നിർമ്മിച്ചാൽ കരുനാഗപ്പള്ളി ടൗണിലെ ഗതാഗത സ്തംഭനം പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ശാസ്താംകോട്ട, അടൂർ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ കരുനാഗപ്പള്ളി ടൗണിൽ പ്രവേശിക്കാതെ കടന്നുപോകാൻ കഴിയും. കിഴക്കൻ പ്രദേശങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി മാർക്കറ്റിന് സമീപംവച്ച് ഇടത്തേക്ക് തിരിഞ്ഞുപോയാൽ പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം എത്തി ദേശീയപാതയിൽ പ്രവേശിക്കാൻ കഴിയും. സമാന്തര റോഡ് നിർമ്മിക്കാനായാൽ പാറ്റോലി തോടിനും തഴത്തോടിനും മീതേയുള്ള രണ്ട് ചെറിയ പാലങ്ങൾ പൊളിച്ചുനിർമ്മിക്കേണ്ടി വരും. കൊതുമുക്ക് വട്ടക്കായലിന് മീതേ പോകുന്ന റെയിൽവേ പാലത്തിന്റെ സ്പാനുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടില്ലാത്തതിനാൽ പാലത്തിന്റെ നിർമ്മാണത്തിന് കൂടുതൽ പണം കണ്ടെത്തേണ്ടിവരില്ല. പാലത്തിന്റെ ഇരുമ്പ് ഗേഡറുകൾ നീക്കംചെയ്ത് മുകൾഭാഗം കോൺക്രീറ്റ് ചെയ്താൽ വളരെ എളുപ്പത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ കഴിയും. ഇതോടെ കായൽത്തീരത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് വഴി തുറന്നുകിട്ടുകയും ചെയ്യും. നാട്ടുകാർ നിരവധി തവണ ഈ ആവശ്യവുമായി കമ്പനി അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ അനുകൂലമായ തീരുമാനം ഉണ്ടായില്ല.
-----
റെയിൽപ്പാളങ്ങൾ ഇളക്കിമാറ്റി ഇവിടെ സമാന്തരറോഡ് നിർമ്മിച്ചാൽ കരുനാഗപ്പള്ളി ടൗണിലെ ഗതാഗത ക്കുരുക്ക് പൂർണമായും ഒഴിവാക്കാൻ കഴിയും
ചവറ ടൈറ്റാനിയം ഫാക്ടറിയിലേക്കുള്ള റെയിൽപ്പാത ഉപയോഗരഹിതം
ഇരുമ്പ് ഗേഡറുകൾ നീക്കംചെയ്ത് മുകൾഭാഗം കോൺക്രീറ്റ് ചെയ്താൽ റോഡാക്കാം