കൊല്ലം: ശബരിമലയിൽ അയ്യപ്പന് ഇനി കാണിയ്ക്ക 'ഡിജിറ്റലായി" സമർപ്പിക്കാം. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ കൈയിൽ കരുതിയാൽ മതി. സന്നിധാനത്ത് ഇതിനായി സ്ഥാപിച്ച കൗണ്ടറിൽ എത്തി എത്ര തുകയാണ് കാണിയ്ക്ക അർപ്പിക്കുന്നതെന്ന് അറിയിക്കണം. തുടർന്ന്, പി.ഒ.എസ് മെഷീനിൽ കാർഡ് സ്വൈപ് ചെയ്‌ത് അയ്യന് കാണിക്ക സമർപ്പിക്കാം.
അടുത്തിടെ സ്ഥാപിച്ച ഡിജിറ്റൽ പണമിടപാട് സംവിധാനം ഇപ്പോൾ സൂപ്പർ ഹിറ്റാണ്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന അയ്യപ്പന്മാരാണ് ഡിജിറ്റൽ കാണിയ്ക്കയർപ്പിക്കാൻ കൂടുതൽ താത്പര്യപ്പെടുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് സൗത്ത് ഇന്ത്യൻ ബാങ്കാണ് സന്നിധാനത്ത് ഡിജിറ്റൽ പണമിടപാട് സംവിധാനം സ്ഥാപിച്ചത്. സന്നിധാനത്ത് നിന്ന് മാളികപ്പുറത്തേക്കുള്ള ഫ്ളൈ ഓവറിലാണ് കൗണ്ടർ. പി.ഒ.എസ് മെഷീനൊപ്പം അത് പ്രവർത്തിപ്പിക്കാൻ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്ത് നടതുറന്നിരിക്കുന്ന സമയം മുഴുവൻ കൗണ്ടറും പ്രവർത്തിക്കും.
തിരുപ്പതി പോലെ അന്യസംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഡിജിറ്റൽ സംവിധാനം നിലവിലുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമാണ്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അദ്ധ്യക്ഷൻ ജസ്‌റ്റിസ് പി.ആർ. രാമനാണ് ഡിജിറ്റൽ കാണിയ്ക്ക് സംവിധാനം ഉദ്ഘാടനം ചെയ്‌തത്. സന്നിധാനം എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബു, സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരായ പ്രശാന്ത് പി. നായർ, വി. അജേഷ് എന്നിവർ സംബന്ധിച്ചു.