fire
പരവൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ പടർന്നുപിടിച്ച തീ അഗ്നിശമനസേന കെടുത്തുന്നു

പരവൂർ: റെയിൽവേ സ്റ്റേഷന്റെ പിന്നിലുള്ള കാട് കയറിയ വളപ്പിന് തീപിടിച്ചു. ശക്തമായ കാറ്റിൽ അതിവേഗം പടർന്ന് പിടിച്ച തീയും പുകയും നാട്ടുകാരെ ഭീതിയിലാഴ്ത്തി. ആളിപ്പടർന്ന തീ റെയിൽവേ സ്റ്രേഷൻ കെട്ടിടത്തിന് സമീപത്ത് വരെയെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.

സമീപത്ത് പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാലയത്തിനടുത്തേക്കും തീ പടർന്നു. പരവൂർ ഫയർ സ്റ്റേഷനിൽ നിന്ന് ഉടൻ തന്നെ അഗ്നിശമന സേനയെത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. കൂടുതൽ സ്ഥലത്തേക്ക് തീ പടർന്നതോടെ പരവൂരിൽ ആകെയുള്ള ഒരു യൂണിറ്റ് കൊണ്ട് മാത്രം തീയണയ്ക്കാൻ കഴിയാത്ത സ്ഥിതിയായി. വെള്ളം തീർന്ന് അഗ്നിശമനസേനാ വാഹനം റീഫിൽ ചെയ്യാൻ പോയ സമയത്ത് തീ പടരാൻ തുടങ്ങിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. പാർക്കിംഗ് ഭാഗത്തേക്ക് തീ പടരാൻ തുടങ്ങുന്നത് കണ്ട നാട്ടുകാർ ലോക്ക് ചെയ്ത് വച്ചിരുന്ന ഇരുചക്ര വാഹനങ്ങളിൽ കുറേയെണ്ണെം എടുത്തു മാറ്റി.
അഗ്നിശമന സേനാംഗങ്ങളും ഓടിക്കൂടിയ നാട്ടുകാരും ചെറിയ ഹോസുകളും ബക്കറ്റുകളും ഉപയോഗിച്ച് തീ കെടുത്താൻ ശ്രമം നടത്തി. കൊല്ലത്ത് നിന്നും വർക്കലയിൽ നിന്നും രണ്ട് യൂണിറ്റുകൾ കൂടി എത്തിതോടെയാണ് നാലര മണിയോടെ തീയണയ്ക്കാൻ കഴിഞ്ഞത്.