ബൈപാസ് വഴി 50 സർവീസ് നടത്താൻ നിർദ്ദേശം സമർപ്പിച്ചു
കൊല്ലം: ബൈപാസിന്റെ അവകാശികളാകാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുമ്പോൾ ഇതുവഴിയുള്ള സർവീസ് കുത്തകയാക്കാൻ കെ.എസ്.ആർ.ടി.സി നടപടികൾ തുടങ്ങി. കരുനാഗപ്പള്ളി, ചാത്തന്നൂർ ഡിപ്പോകളിൽ നിന്ന് അഞ്ച് വീതം ഓർഡിനറി ചെയിൻ സർവീസുകൾ ബൈപാസ് വഴി നടത്താനുള്ള നിർദ്ദേശം കെ.എസ്.ആർ.ടി.സി കൊല്ലം ഡി.ടി.ഒ ചീഫ് ഓഫീസിന് സമർപ്പിച്ചു. കൊല്ലം ഡിപ്പോയിൽ നിന്ന് സർക്കുലർ സർവീസ് ആരംഭിക്കാനും ആലോചനയുണ്ട്.
അരമണിക്കൂർ ഇടവേളയിലാകും ചെയിൻ സർവീസ്. കരുനാഗപ്പള്ളിയിൽ നിന്നുള്ള ആദ്യ ട്രിപ്പ് രാവിലെ 5.55നും ചാത്തന്നൂരിൽ നിന്നുള്ളത് 5.45നും ആരംഭിക്കും. കരുനാഗപ്പള്ളിയിലേക്കുള്ള അവസാന ട്രിപ്പ് രാത്രി 9.30ന് മേവറത്തെത്തും. 10.15ന് കരുനാഗപ്പള്ളിയിൽ അവസാനിക്കും. ചാത്തന്നൂരിലേക്കുള്ള അവസാന ട്രിപ്പ് രാത്രി 9.15ന് ശക്തികുളങ്ങരയിൽ നിന്ന് പുറപ്പെടും. 10ന് ചാത്തന്നൂരിലെത്തും. ഒരു ബസ് ഒരു ദിവസം അഞ്ച് തവണ ബൈപാസ് വഴി കടന്നുപോകുന്ന തരത്തിലാണ് ഷെഡ്യൂൾ തയ്യാറാക്കിയിട്ടുള്ളത്. ഇങ്ങനെയാകുമ്പോൾ ഒരു ദിവസം ബൈപാസിലൂടെ 50 തവണ കെ.എസ്.ആർ.ടി.സി കടന്നുപോകും.
ചെയിൻ സർവീസ് ഓടിത്തെളിഞ്ഞ ശേഷമാകും കൊല്ലം ഡിപ്പോയിൽ നിന്നുള്ള സർക്കുലർ സർവീസ് തുടങ്ങുക. കൊല്ലം ഡിപ്പോയിൽ നിന്ന് ശക്തികുളങ്ങരയിലെത്തി കാവനാട്, മേവറം, പള്ളിമുക്ക് വഴി കൊല്ലം ഡിപ്പോയിൽ അവസാനിക്കുന്നതാണ് സർക്കുലർ സർവീസ്. ലാഭകരമാണെങ്കിൽ കുറഞ്ഞത് അഞ്ച് സർക്കുലർ ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്യാനാണ് ആലോചന. കൊല്ലം ഡിപ്പോ ബൈപാസിൽ നിന്ന് ഏറെ ദൂരെയായതിനാൽ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകൾ ആദ്യഘട്ടത്തിൽ ഇതുവഴി ഉണ്ടാകില്ല. എന്നാൽ സ്കാനിയ ബസ് ബൈപാസ് വഴി ആക്കിയേക്കും.
ഇന്ന് പ്രാഥമിക ധാരണ
ശബരിമല സർവീസ് വിലയിരുത്താൻ ഇന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ഡി.ടി.ഒമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അജണ്ടയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഈ യോഗത്തിൽ ബൈപാസ് ഷെഡ്യൂളിന്റെ കാര്യത്തിൽ ധാരണയുണ്ടാകും. ഇതിന് ശേഷം ട്രാൻസ്പോർട്ട് കമ്മിഷണറുടെ അനുമതി വാങ്ങും.
കംപ്ലീറ്റ്ലി എസ്ക്ലൂഷൻ സ്കീം
സ്വകാര്യ ബസുകൾക്ക് സർവീസ് അനുവദിക്കാതെ കെ.എസ്.ആർ.ടി.സി ബസുകളുടെ കംപ്ലീറ്റ്ലി എസ്ക്ലൂഷൻ സ്കീമിൽ ബൈപാസ് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാരിനെ സമിപിച്ചിട്ടുണ്ട്. ഇതിനുള്ള ഉത്തരവ് വരും മുമ്പ് ജില്ലാ ആർ.ടി.എ ബോർഡിന് വേണമെങ്കിൽ ബൈപാസ് വഴി സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കാം. കെ.എസ്.ആർ.ടി.സി തുടർച്ചയായി സർവീസ് നടത്തിയാൽ ആർ.ടി.എ ബോർഡ് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ചേക്കില്ല. നിലവിൽ മേവറം മുതൽ കല്ലുംതാഴം വരെ സ്വകാര്യ ബസ് സർവീസുണ്ട്.