കൊല്ലം: കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ ഡയറക്ടറായി 50 വർഷം പൂർത്തിയാക്കിയ സി.വി പദ്മരാജന് ഡയറക്ടർ ബോർഡംഗങ്ങൾ സ്വീകരണം നൽകി. കേക്ക് മുറിച്ച് ആരംഭിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ. സോമയാജി, ജി. ശുഭദേവൻ എന്നിവർ ചേർന്ന് പദ്മരാജന് ഉപഹാരം സമ്മാനിച്ചു.
ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ മാമേത്ത് നാരായണൻ, ജനറൽ മാനേജർ ഇൻ ചാർജ് എസ്. മിനി എന്നിവർ പൊന്നാട അണിയിച്ചു. ശാന്താ സുന്ദരേശൻ, ആർ. രമണൻ, ആർ. രാജ്മോഹൻ, ജി. മോഹൻ, പി. ഗംഗാധരൻ പിള്ള, എം.പി. രവീന്ദ്രൻ, ആർ. ചന്ദ്രമോഹൻ, വി. ശാന്തകുമാരി, ശോഭന പ്രബുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.
ഏഴു പതിറ്റാണ്ടായി രാഷ്ട്രീയ, സാമൂഹിക, സഹകരണ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന സി.വി. പദ്മരാജൻ 1969 ജനുവരി 11 നാണ് ബാങ്കിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 14. 75 കോടിയുടെ ഓഹരി മൂലധനവും 520. 18 കോടിയുടെ നിക്ഷേപവും 325. 45 കോടി വായ്പ ബാക്കി നില്പുമുള്ള സ്ഥാപനമായി ബാങ്കിനെ വളർത്താൻ കഴിഞ്ഞതായി സി.വി. പദ്മരാജൻ അറിയിച്ചു. ഈ നേട്ടത്തെ ഒരു വർഷം നീളുന്ന ആഘോഷമാക്കാനാണ് ഡയറക്ടർ ബോർഡിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.