kunnathoor
അനധീകൃത മണൽവാരലിനെ തുടർന്ന് തീരം ഇടിഞ്ഞു തള്ളുന്ന കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ക്ഷേത്രഭാഗം

കുന്നത്തൂർ: പൊലീസ് നടപടി ശക്തമായതോടെ പിന്തിരിഞ്ഞ കല്ലടയാറ്റിലെ മണൽമാഫിയ വീണ്ടും സജീവമായി.

കുന്നത്തൂർ പഞ്ചായത്തിൽ നിന്ന് വൻതോതിലാണ് മണൽവാരുന്നത്. നേരത്തെ നടന്നിരുന്ന മണൽ കടത്ത് തടയാൻ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ടിരുന്നു.കളക്ടറുടെ നിർദ്ദേശ പ്രകാരം പൊലീസ് യന്ത്ര ബോട്ട് ഉപയോഗിച്ച് കല്ലടയാറ്റിൽ പട്രോളിങ് ശക്തമാക്കിയതോടെയാണ് മണൽ മാഫിയ പിൻവലിഞ്ഞത്. പുത്തൂർ പൊലീസിനായിരുന്നു ഇതിന്റെ ചുമതല.എന്നാൽ ദിവസങ്ങൾക്കുള്ളിൽ പൊലീസ് പട്രോളിംഗ് നിലച്ചു. മണൽ മാഫിയയും പൊലീസും,റവന്യൂ അധികൃതരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇപ്പോൾ ആറ്റിൽ നിന്ന് നിർബാധമാണ് മണൽ കടത്തുന്നത്.
ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശത്തെ തുടർന്ന് വർഷങ്ങളായി കല്ലടയാറ്റിലെ മണൽവാരൽ നിരോധിച്ചിരിക്കുകയാണ്. ഇതോട പരമ്പരാഗത മണൽ വാരൽ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലായി. കുന്നത്തൂർ പഞ്ചായത്തിന് ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും നിലച്ചു. ഈ സാഹചര്യത്തിലാണ് മണൽ മാഫിയ ദിവസവും ലക്ഷങ്ങൾ സമ്പാദിക്കുന്നത്. ഞാങ്കടവ് പാലം മുതൽ കുന്നത്തൂർ പാലം വരെയാണ് മണൽ വാരൽ വ്യാപകം. പല്ലക്കാട്ട് കടവ്, പിന്നാട്ടുകടവ്, ആലുംകടവ്, കൊക്കാംകാവ്, ആറ്റുകടവ് ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് മണൽവാരൽ . അർദ്ധരാത്രി മുതൽ പുലർച്ചെ വരെയാണ് തീരം ഇടിച്ചുകൊണ്ടുള്ള മണൽ വാരൽ. തീരപ്രദേശങ്ങൾ ഇടിഞ്ഞുതാഴുന്നത് പ്രദേശവാസികൾക്ക് ഭീഷണിയായി . കടവുകൾ ഇല്ലാത്ത ഭാഗങ്ങളിൽ സമാന്തര പാതകൾ നിർമ്മിച്ചിട്ടുണ്ട്.പ്രളയത്തിനു ശേഷം കല്ലടയാറ്റിൽ മണൽ ശേഖരം കൂടിയിട്ടുണ്ട്. ലോഡൊന്നിന് 30000 രൂപ മുതൽ 40000 വരെയാണ് ദൂരപരിധി കണക്കാക്കി വില ഈടാക്കുന്നത്. ഇത്തരത്തിൽ ദിവസവും നിരവധി ലോഡ് മണലാണ് കടത്തുന്നത്. റവന്യു,പൊലീസ്‌ അധികൃതരുടെ മൗനാനുവാദവും മാഫിയാസംഘത്തിന് ലഭിക്കുന്നതായി പറയപ്പെടുന്നു.നിരീക്ഷണത്തിനായി പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് എസ്കോർട്ട് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

----

മണൽ വാരൽ നടക്കുന്നത്

പല്ലക്കാട്ട് കടവ്, പിന്നാട്ടുകടവ്, ആലുംകടവ്, കൊക്കാംകാവ്, ആറ്റുകടവ് ഭാഗങ്ങളിൽ

------

ലോഡൊന്നിന് 30000 രൂപ മുതൽ

------

കുന്നത്തൂരിലെ അനധികൃത മണൽവാരൽ തടയുന്നതിന് ജില്ലാ ഭരണകൂടവും പൊലീസും അടിയന്തരമായി ഇടപെടണം.

കുന്നത്തൂർ പ്രസാദ്

പഞ്ചായത്ത് പ്രസിഡന്റ്