കൊല്ലം: കൊട്ടാരക്കര ചന്തമുക്കിലെ നഗരസഭ ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചുനീക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ദിവസങ്ങൾക്കുള്ളിൽ പൊളിച്ചുതുടങ്ങും. കൊല്ലം - തിരുമംഗലം ദേശീയപാതയോട് ചേർന്ന് പട്ടണത്തിന്റെ നടുവിലായതിനാൽ വലിയ കെട്ടിടം പൊളിക്കുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് നഗരസഭ അധികൃതർ.
നഗരസഭയുടെ പുതിയ ഓഫീസും ഷോപ്പിംഗ് കോംപ്ളക്സുമടക്കമുള്ള കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പഴയ കെട്ടിടം പൊളിക്കുന്നത്. ഇവിടെയുണ്ടായിരുന്ന കടമുറികൾ നോട്ടീസ് നൽകി ഒഴിപ്പിച്ചു. 25 വർഷത്തെ പഴക്കം മാത്രമുള്ള ഷോപ്പിംഗ് കോംപ്ളക്സാണ് പൊളിച്ചുനീക്കുന്നത്. ഇതിന്റെ പല ഭാഗങ്ങളിലും കോൺക്രീറ്റ് ഇളകിവീണ് അപകടാവസ്ഥയിലേക്ക് നീങ്ങിയതാണ്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചുനീക്കലിന് നടപടി തുടങ്ങിയത്.
1993 ജനുവരി 7ന് ഗതാഗത മന്ത്രിയായിരുന്ന ആർ.ബാലകൃഷ്ണപിള്ളയാണ് ഷോപ്പിംഗ് കോംപ്ളക്സ് ഉദ്ഘാടനം ചെയ്തത്. 45 സെന്റ് സ്ഥലത്തായി കാൽകോടി രൂപ ചെലവിലാണ് കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് കെട്ടിടം നിർമ്മിച്ചത്. ആദ്യനില പഞ്ചായത്ത് ചെലവിലും രണ്ടാംനില സ്വകാര്യവ്യക്തിയുടെ ചെലവിലുമാണ് നിർമ്മിച്ചത്. ഇതിന് പകരമായി സ്വകാര്യ വ്യക്തിക്ക് 99 വർഷത്തേക്ക് വാടകയില്ലാതെ രണ്ടാംനില വിട്ടുകൊടുക്കുകയും ചെയ്തു. ഉടമസ്ഥൻ മരിച്ചതോടെയാണ് കെട്ടിടം പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതിനെതിരെ ഉടമസ്ഥന്റെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. എന്നാൽ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ അറിയിച്ചതോടെ കെട്ടിടം പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു.
-----------
ആദ്യഘട്ടത്തിൽ മൂന്നുനില കെട്ടിടം
മൂന്നുനിലകളുള്ള കെട്ടിടമാണ് ആദ്യഘട്ടം നിർമ്മിക്കുന്നത്. ഇതിനായി 5 കോടി രൂപ അനുവദിച്ചു. 11 കോടിയുടെ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി. താഴെ പാർക്കിംഗ് സംവിധാനവും കച്ചവട സ്ഥാപനങ്ങളുമുണ്ടാകും. രണ്ടാംനിലയിൽ ഷോപ്പിംഗ് സ്ഥാപനങ്ങൾ. മൂന്നാം നിലയിലാണ് ഓഫീസ്. മിനി കോൺഫറൻസ് ഹാളും ഉണ്ടാകും.
----------
പൊളിക്കൽ വിവാദത്തിൽ മറ്റൊരു കെട്ടിടവും
മറ്റൊരു കെട്ടിടം പൊളിക്കാനും നഗരസഭ നീക്കം നടത്തുന്നുണ്ട്. കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് അധീനതയിലുള്ള ഷോപ്പിംഗ് കോംപ്ളക്സ് പൊളിക്കാനാണ് നിയമതടസം നിലനിൽക്കുന്നത്. കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് നഗരസഭയായി മാറിയിട്ടും കെട്ടിടം ബ്ളോക്ക് പഞ്ചായത്ത് വിട്ടുകൊടുത്തിരുന്നില്ല. പത്തുവർഷം മുമ്പ് 30 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കെട്ടിടത്തിന് കഴിഞ്ഞ വർഷം 10 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളും സൗന്ദര്യവത്കരണവും നടത്തിയിരുന്നു. കാലപ്പഴക്കമോ അപകടാവസ്ഥയോ ഇല്ലാത്ത സർക്കാർ കെട്ടിടം പൊളിച്ചുനീക്കുന്നതാണ് പ്രധാന നിയമതടസം.
ബ്ളോക്ക് പഞ്ചായത്ത് വിട്ടുനൽകാത്ത കെട്ടിടം നഗരസഭയ്ക്ക് പൊളിക്കാൻ കഴിയുമോയെന്നതാണ് മറ്റൊരു പ്രശ്നം. ഈ കെട്ടിടം പൊളിച്ചെങ്കിലേ നഗരസഭയ്ക്ക് കോംപ്ളക്സ് നിർമ്മിക്കാൻ കഴിയൂ.
---------
പുതിയ കെട്ടിടം 11 കോടി ചെലവിൽ