കരുനാഗപ്പള്ളി:കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ചവറ ടൈറ്റാനിയം ഫാക്ടറിയിലേക്ക് പോകുന്ന റെയിൽപ്പാത അപകടക്കെണിയായി മാറുന്നു.നാലര പതിറ്റാണ്ടിന് മുമ്പ് നിർമ്മിച്ച പാത തകർച്ചയുടെ വക്കിലാണ്. കൊതുമുക്ക് വട്ടക്കായൽ മുതൽ തെക്കോട്ട് കൊല്ലക ദേവീക്ഷേത്രത്തിന് സമീപം വരെ പലയിടങ്ങളിലും റെയിൽപ്പാത അന്തരീക്ഷത്തിൽ തൂങ്ങിനിൽക്കുകയാണ്. റെയിൽപ്പാളത്തിന്റെ അടിയിൽ നിന്ന് മണ്ണ് നീക്കംചെയ്തതാണ് ഇതിന് കാരണം. രാത്രിയിൽ വള്ളങ്ങളിൽ വട്ടക്കായലിൽ എത്തിയിരുന്ന മണൽ മാഫിയയാണ് കായൽ മണ്ണ് കടത്തിക്കൊണ്ടുപോയത്. കൊതുമുക്ക് വട്ടക്കായൽ ഡ്രജ്ജ് ചെയ്ത കായൽ മണൽ ഉപയോഗിച്ചാണ് റെയിൽപാളത്തിനുള്ള പാത നിർമ്മിച്ചത്. വർഷങ്ങൾക്ക് മുമ്പ് കമ്പനി റെയിൽവേപ്പാത ഉപേക്ഷിച്ചതോടെ മണൽ കടത്തും ആരംഭിച്ചു. . ലക്ഷക്കണക്കിന് രൂപയുടെ മണലാണ് ഇത്തരത്തിൽ കടത്തിയത്. ഇതിനെതിരെ കമ്പനി ഉറച്ച നിലപാട് സ്വീകരിക്കുകയും രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുകയും ചെയ്തതോടെയാണ് മണൽ കടത്തിന് വിരാമമായത്. അപ്പോഴേക്കും പല സ്ഥലങ്ങളിൽ നിന്നും മണ്ണ് പൂർണമായും നീക്കംചെയ്തിരുന്നു. റെയിൽപ്പാത കടന്നുപോകുന്നതിന്റെ പടിഞ്ഞാറുഭാഗത്ത് നിരവധി വീടുകളും കൊല്ലക ദേവീ ക്ഷേത്രവും ഉണ്ട്. വീട്ടുകാർക്ക് റെയിൽപ്പാത മുറിച്ചുവേണം കിഴക്കുവശത്ത് എത്താൻ. . കാൽനടയായും ഇരുചക്ര വാഹനങ്ങളിലുമായി ധാരാളം ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്. ഇവരെല്ലാം പാളത്തിന്റെ അടിയൂടെയാണ് പോകുന്നത്. ഇത് അപകടത്തിന് കാരണമായിട്ടുണ്ട്. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് കമ്പനി അധികൃതർ ഇൗ ഭാഗത്തെ റെയിൽപ്പാതയ്ക്ക് ഇരുമ്പ് തൂൺ താങ്ങായി നൽകി. കാലക്രമേണ തൂണുകൾ ദ്രവിച്ചുപോകുകയും വീണ്ടും പഴയ നിലയിലാവുകയും ചെയ്തു. ഇപ്പോൾ ഇതുവഴി അപകട രഹിതമായി യാത്രക്കാർക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.