പുനലൂർ:പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിയിട്ടും നവീകരണ ജോലികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി .പഴയ കെട്ടിടം വികനസത്തിന് തടസമായതിനാലാണ് പൊളിച്ചുമാറ്റിയത്. കെട്ടിടം പൊളിച്ചിട്ട് ഒരു മാസമായി. പക്ഷേ നിറുത്തിവച്ചിരുന്ന തറയോട് പാകുന്ന ജോലികൾ ഇതുവരെ പുനരാരംഭിച്ചില്ല. 3500 ചതുരശ്ര മീറ്റർ ചുറ്റളവുളള യാർഡിലെ മുക്കാൽ ഭാഗത്തോളം സ്ഥലത്ത് തറയോട് പാകിയെങ്കിലും ശേഷിക്കുന്ന ഭാഗത്തെ നവീകരണ ജോലികൾ അനന്തമായി നീണ്ടുപോകുകയാണ്. ഇതുമൂലം ചെമ്മന്തൂരിൽ താത്കാലികമായി ആരംഭിച്ച ബസ് ഡിപ്പോയിൽ നിന്നാണ് ഇപ്പോഴും ഓർഡനറി ബസുകൾ പുറപ്പെടുന്നതും തിരികെ മടങ്ങുന്നതും. ഇത് യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടായി മാറി.രണ്ടുമാസംകൊണ്ട് നവീകരണ ജോലികൾ പൂർത്തിയാക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഒൻപത് മാസമായിട്ടും പണികൾ എങ്ങുമെത്തിയില്ല. നിർമ്മാണ ജോലികൾ നീണ്ടുപോകുന്നത് മൂലം സർവീസ് അവസാനിക്കുന്ന 35 ഓളം ബസുകൾ ദേശീയ പാതയോരത്താണ് പാർക്ക് ചെയ്യുന്നത്. മന്ത്രി കെ.രാജുവിൻെറ ഫണ്ടിൽ നിന്ന് അനുവദിച്ച 1.60കോടി രൂപ ചെലവഴിച്ചാണ് നവീകരണ ജോലികൾ ആരംഭിച്ചത്.