jappan
കരവാളൂർ പ‌ഞ്ചായത്തിലെ പനം കുറ്റി മലയിലെ ജപ്പാൻ(മീനാട്)ശുദ്ധ ജലവിതരണ പദ്ധതി പ്രദേശം, സമീപത്ത് പുനലൂർ ടൗണിൻെറ വിദൂരകാഴ്ച.

പുനലൂർ:ജപ്പാൻ കുടിവെളള പദ്ധതി പ്രദേശത്ത് നിന്ന് നഗരസഭാ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം നടത്തുന്നതിന്റെ ഉദ്ഘാടനം 13ന് ഉച്ചയ്ക്ക് 2ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കും.

വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കാൻ 4 കോടി രൂപ ചെലവഴിച്ചാണ് നഗരസഭ പദ്ധതി തയ്യാറാക്കിയത്. ജപ്പാൻ പദ്ധതി പ്രദേശത്ത് നിന്ന് ദിവസവും അഞ്ച് ദശലക്ഷം യൂണിറ്റ് ശുദ്ധജലമാണ് നഗരസഭ പ്രദേശങ്ങളിലെ 35വാർഡുകളിൽ ലഭ്യമാക്കുക. കരവാളൂർ പഞ്ചായത്തിലെ പനംകുറ്റിമലയിലെ ജപ്പാൻ (മീനാട്) ജലശുദ്ധീകരണ ശാലയിൽ നിന്ന് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ വാട്ടർടാങ്കിൽ വെള്ളം എത്തിയ ശേഷമാണ് നഗരസഭാ പ്രദേശങ്ങളിൽ വിതരണംചെയ്യുക. ഇതിനാവശ്യമായ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു. തുടർന്ന് പരീക്ഷണാർത്ഥം ജലവിതരണം നടത്തുകയുംചെയ്തു. അരനൂറ്റാണ്ടായി നഗരസഭാ പ്രദേശങ്ങളിൽ അനുഭവപ്പെട്ടുവരുന്ന രൂക്ഷമായ കൂടിവെളള ക്ഷാമം ഇതോടെ പരിഹരിക്കപ്പെടുമെന്ന പ്രത്യാശയിലാണ് നാട്ടുകാർ. നിലവിൽ പ്രതിദിനം 10 ദശലക്ഷം ശുദ്ധജലമാണ് നഗരസഭാ പ്രദേശങ്ങളിലേക്ക് വേണ്ടത്. കാലപ്പഴക്കത്തെ തുടർന്ന് പഴയ പൈപ്പുകൾ വഴി ഇത്രയും വെളളം എത്തിക്കാൻ കഴിയാത്ത അവസ്ഥയെ തുടർന്നാണ് പുതിയ പദ്ധതിക്ക് രൂപംനൽകിയത്. നിലവിൽ നെല്ലിപ്പള്ളിയിൽ നിന്നാണ് ശുദ്ധജലം പമ്പുചെയ്ത് വാട്ടർ ടാങ്കിൽ എത്തിക്കുന്നത്. എന്നാൽ 35 വർഷത്തിലധികം പഴക്കമുളള പദ്ധതിയിൽ നിന്ന് വേണ്ടത്ര വെള്ളം ഇപ്പോൾ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. കല്ലടാറ്റിലെ നെല്ലിപ്പള്ളിയിൽ കുടിവെളള പദ്ധതിയുടെ ഇൻടോക്ക് വേനൽക്കാലത്ത് ജലനിരപ്പിന് മുകളിലെത്തുന്നതിനാൽ മിക്കവാറും പമ്പിംഗ് തടസപ്പെടാറുണ്ട്. ഇത് ജലവിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി ആരംഭിച്ചത്.

-------------

4 കോടി രൂപയുടെ പദ്ധതി

35 വാർഡുകൾക്ക് പ്രയോജനം

5 ദശലക്ഷം യൂണിറ്റ് വെള്ളം ദിവസവും പമ്പ് ചെയ്യും