photo
വെണ്ടാർ ചിറ

കൊല്ലം: വെണ്ടാർ ചിറയുടെ സൗന്ദര്യവത്കരണം പൂർത്തിയായി. കൊട്ടാരക്കര വെണ്ടാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും ദേവീക്ഷേത്രത്തിന്റെയും ഭാഗമായ വെണ്ടാർ ചിറ നൂറ്റാണ്ടുകളുടെ ശേഷിപ്പാണ് . ക്ഷേത്രവുമായി ബന്ധപ്പെട്ടതാണെങ്കിലും കുളക്കട ഗ്രാമപഞ്ചായത്തിന്റെ അധീനതയിലായിരുന്നു ചിറയും അനുബന്ധ ഭാഗങ്ങളും. അതുകൊണ്ടുതന്നെ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ദേവസ്വം ബോർഡ് താത്പര്യമെടുത്തിരുന്നില്ല. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താതെയും കരവെള്ളമിറങ്ങിയും ചിറ നാശത്തിലേക്ക് കൂപ്പുകുത്തിയപ്പോഴും ആരും തിരിഞ്ഞ് നോക്കിയിരുന്നില്ല. കൽക്കെട്ടുകൾ ഇടിഞ്ഞും പായലും ചെളിയും നിറഞ്ഞും തീർത്തും ഉപയോഗ ശൂന്യമായപ്പോഴാണ് നാട്ടുകാരുടെ അഭ്യർത്ഥനയിൽ പി.ഐഷാ പോറ്റി എം.എൽ.എ ചിറ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചത്. 16 ലക്ഷം രൂപ അനുവദിച്ചതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെ ലേബർ സൊസൈറ്റി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങി നിർമ്മാണ ജോലികൾ തടഞ്ഞു. അതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയും ചിറ പഴയതിൽ നിന്ന് കൂടുതൽ നാശത്തിലേക്ക് നീങ്ങുകയും ചെയ്തു. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തംഗം കെ.വസന്തകുമാരി മുൻകൈയെടുത്ത് ബ്ളോക്ക് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിപ്പിച്ചാണ് ഇപ്പോൾ ചിറയുടെ സൗന്ദര്യ വത്കരണം നടത്തിയത്. ചുറ്റും സംരക്ഷണഭിത്തി കെട്ടി. കരവെള്ളം ഇറങ്ങാത്ത വിധം മൂന്നടി ഉയരത്തിൽ പാർശ്വഭിത്തി കെട്ടി കുളിക്കടവുകളും നവീകരിച്ചു. ചിറയോട് ചേർന്ന് തണലൊരുക്കുന്ന ആൽമരത്തിന് ചുറ്റുകെട്ട് ഒരുക്കി ഇരിപ്പിടങ്ങളുമൊരുക്കി. വർഷങ്ങളായി നിറഞ്ഞു കിടന്ന പായലും ചെളിയും നീക്കം ചെയ്ത ശേഷം സംരക്ഷണ ഭിത്തികൾക്ക് നിറം നൽകിയതോടെ ചിറയ്ക്ക് നവചൈതന്യം വന്നിരിക്കയാണ്. വരുന്ന വേനൽക്കാലത്ത് നാടിന് വലിയ തോതിൽ ഗുണം ചെയ്യാൻ പ്രാപ്തമാണ് ഇപ്പോൾ ഈ ജലാശയം

------

നവീകരണത്തിന് 10 ലക്ഷം

പാർശ്വഭിത്തി കെട്ടി

കുളിക്കടവ് നവീകരിച്ചു

ഇരിപ്പിടങ്ങളൊരുക്കി