nirdhshta-bhoomi
ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിന് ആഭ്യന്തര വകുപ്പിന്‍െറ ആധീനതയില്‍ ടിംമ്പര്‍ ടിപ്പോയിലുളള നിര്‍ദ്ധിഷ്ട സ്ഥലം ഫയല്‍ ചിത്രം.

കുളത്തൂപ്പുഴ: കിഴക്കൻ മലയോരമേഖലയായ കുളത്തൂപ്പുഴ കേന്ദ്രമാക്കി ഫയർ സ്റ്റേഷൻ വേണമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് മുന്നിൽ അധികൃതർ കണ്ണടയ്ക്കുന്നു. വനത്താൽ ചുറ്റപ്പെട്ട കുളത്തൂപ്പുഴ ഗ്രാമത്തിൽ തീപടർന്ന് അപകടം സംഭവിച്ചാൽ ഫയർഫോഴ്സെത്തുമ്പോഴേയ്ക്കും എല്ലാം കത്തിയമർന്നിരിക്കും. അപ്രതീക്ഷിതമായി ആറ്റിലെ ഒഴുക്കിൽപ്പെടുകയോ മലകൾക്കുള്ളിൽ അകപ്പെടുകയോ ചെയ്താലും സ്ഥിതി ഇതുതന്നെ. കിലോമീറ്ററുകൾ അകലെയുള്ള കടയ്ക്കൽ, പുനലൂർ എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് ഇവിടത്തുകാർക്ക് ഫയർഫോഴ്സിൻെറ സേവനം ലഭ്യമാകുന്നത്. വർഷംതോറും ഹെക്ടർ കണക്കിന് വനഭൂമിയാണ് കാട്ടുതീ കെടുത്താൻ സംവിധാനമില്ലാതെ നശിക്കുന്നത്. കാട്ടുതീ പടരാൻ സാദ്ധ്യതയുള്ളതിനാൽ വേനലിന്റെ ആരംഭത്തിൽ നാട്ടുകാർക്കും വനപാലകർക്കും നെഞ്ചിടിപ്പ് കൂടും. കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങളുമായി പിന്നീടിവർ നെട്ടോട്ടമോടേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

സാദ്ധ്യതാപഠനം നടത്തിയെങ്കിലും തുടർനടപടിയില്ല

കിഴക്കൻ മലയോര മേഖല കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ ആരംഭിക്കുന്നത് സംബന്ധിച്ച് ആഭ്യന്തവകുപ്പ് സാദ്ധ്യതാപഠനം നടത്തിയെങ്കിലും പിന്നീട് തുടർനടപടി ഉണ്ടായില്ല. ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലലഭ്യത പഞ്ചായത്തിനോട് ആരായാൻ ഫയർഫോഴ്സ് സംഘം കുളത്തൂപ്പുഴയിലെത്തിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിൽ കുളത്തൂപ്പുഴ ടിമ്പർഡിപ്പോയിലുള്ള രണ്ടര ഏക്കർ സ്ഥലം പഞ്ചായത്ത് പരിശോധിച്ച് സാദ്ധ്യത വിലയിരുത്തുകയും ചെയ്തിരുന്നു. കൂടാതെ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിൽ നെടുവണ്ണൂർ കടവിലെ ഭൂമി പരിശോധിച്ച് സാദ്ധ്യതാപഠനവും നടത്തി. എന്നിട്ടും ഫയർ സ്റ്റേഷൻ എന്ന നാട്ടുകാരുടെ സ്വപ്നം കാലങ്ങളായി ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയാണ്.

ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം

ഒാരോ വർഷവും കാട്ടുതീ പടരുന്നതു വഴി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് വനം വകുപ്പിനുണ്ടാവുന്നത്. വനത്തിനുള്ളിൽ വീണു കിടക്കുന്ന മുഴുവൻ തടികളും അടിക്കാടുകളും കാട്ടുതീയിൽ പൂർണമായി കത്തിനശിക്കുകയാണ്. ഇതിന് പുറമേ നിരവധി ചെറു ജീവികളും പ്രാണികളും ഔഷധസസ്യങ്ങളും എന്നന്നേയ്ക്കുമായി നശിക്കുകയും ജന്തു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥതന്നെ തകരാറിലാവുകയും ചെയ്യും.