കൊട്ടിയം : മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം പാർലമെന്റിൽ പാസാക്കിയതിലൂടെ വലിയ ദുരന്തത്തിലേയ്ക്ക് സമൂഹത്തെ കൊണ്ടു പോകാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. മുസ്ലിം സംയുക്തവേദി സംസ്ഥാന കമ്മിറ്റി 'മുത്തലാക്കും, ശബരിമലയുടെ പേരിലുള്ള ആക്രമണങ്ങളും" എന്ന വിഷയത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ നിയമം നടപ്പാക്കിയതിലൂടെ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ഗൂഢലക്ഷ്യം മറനീക്കി പുറത്തുവന്നു. സാമുദായിക വിഭാഗീയതയിലേയ്ക്കാണ് മോദി രാജ്യത്തെ കൊണ്ടു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സംയുക്ത വേദി ജനറൽ കൺവീനർ മൈലക്കാട് ഷാ അദ്ധ്യക്ഷത വഹിച്ചു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൺസൂർ ഹുദവി, കാരാളി ഇ.കെ. സുലൈമാൻ ദാരിമി, ബി.എൻ. ശശികുമാർ, മുഹമ്മദ് അനസ് അൽ ഖാസിമി, നാസർ കുഴിവേലിൽ, ഷംനാദ് പള്ളിമുക്ക്, നവാസ് പണയിൽ, ഷെഫീക്ക് തുടങ്ങിയവർ സംസാരിച്ചു.