പാരിപ്പള്ളി: പട്ടാപ്പകൽ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. പൂതക്കുളം മുക്കട അഞ്ചുമൂല പുതിയവീട്ടിൽ ശ്രീജിത്താണ് (22) പിടിയിലായത്. ഇന്നലെ വൈകിട്ട് വർക്കല റോഡിലെ മുക്കട ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥിനികളെ ശല്യം ചെയ്ത ഇയാളെ എഴിപ്പുറം സ്വദേശികളായ യുവാക്കൾ ചേർന്ന് താക്കീത് നല്കി വിട്ടയച്ചു. അല്പം കഴിഞ്ഞ് വടിവാളുമായി ബൈക്കിലെത്തിയ ഇയാൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാക്കളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ ഒാടിച്ചിട്ടു പിടികൂടി. വിവരമറിഞ്ഞ് പാരിപ്പള്ളി എസ്.ഐ രാജേഷിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.