ochira
ചാക്കിൽകെട്ടി റോഡരികിൽ ഉപേക്ഷിച്ചിരിക്കുന്ന മാലിന്യങ്ങൾ

ഓച്ചിറ: മാലിന്യം ചാക്കിൽക്കെട്ടി തള്ളുന്നത് റോഡിൽ. നാഷണൽ ഹൈവേയിലും കുഴുവേലിൽമുക്കിൽ നിന്ന് പഞ്ചായത്ത് ഒാഫീസിൽ എത്തുന്ന റോഡിലുമാണ് കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത്. ദേശീയപാതയിൽ കല്ലൂർമുക്കിനും പള്ളിമുക്കിനുമിടയിൽ വൻതോതിലാണ് മാലിന്യം. ഹോട്ടൽ മാലിന്യവും അറവുശാലകളിലെ അവശിഷ്ടങ്ങളുമെല്ലാം ഇതിൽപ്പെടും. അറവ് മാലിന്യങ്ങൾ നായ്ക്കൾ കടിച്ചുകീറി റോഡിൽ ചിതറികിടക്കുകയാണ്. ദുർഗന്ധം മൂലം മൂക്കുപൊത്താതെ വഴിനടക്കാനാകില്ല.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും കൺമുന്നിലെ മാലിന്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.

സ്ഥാപനങ്ങളിൽ നിന്ന് ഇത്തരത്തിൽ മാലിന്യം നീക്കം ചെയ്യാനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അറവുശാലകളും മാലിന്യസംസ്കരണത്തിന് സ്വന്തം സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന മലിനീകരണ നിയന്ത്രണബോർഡിന്റെ നിർദ്ദേശം നടപ്പിലാക്കേണ്ട പഞ്ചായത്ത് അധികാരികൾ മൗനം പാലിക്കുകയാണ്.

സംസ്ഥാന ഗവൺമെന്റിന്റെ മാലിന്യ സംസ്കരണ ഉത്തരവുകൾ പാലിക്കാത്ത കച്ചവടസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാനും പിഴ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് സെക്രട്ടറിമാർക്ക് അധികാരമുണ്ടെങ്കിലും അത് അവർ പാലിക്കുന്നില്ല.

പരിഹാരം കാണണമെന്ന് സ്ഥലവാസിയായ മുല്ലശേരിൽ കിഴക്കതിൽ ബിജു സദാനന്ദൻ ആവശ്യപ്പെട്ടു.