കുളത്തൂപ്പുഴ: ഹൈവേ നിർമ്മാണത്തിനിടെ വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ പൊട്ടിയതോടെ കുളത്തൂപ്പുഴക്കാരുടെ വെള്ളംകുടി മുട്ടി. അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കാതെ അധികൃതർ നിസംഗത കാട്ടുന്നു. കുളത്തൂപ്പുഴയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയ്ക്കായി കലുങ്കുകൾ നിർമ്മിക്കുന്നതിനും നിലവിലുള്ള റോഡിന്റെ വിതികൂട്ടുന്നതിനുമുള്ള പണികൾ നടന്നുവരികയാണ്. വാട്ടർ അതോറിറ്റിയുടെ കടയ്ക്കൽ സെക്ഷൻ പരിധിയിലാണ് ഇവിടം. റോഡ് നിർമ്മാണ വേളയിൽ പൈപ്പ് ലൈൻ തകരാറിലായാൽ ഉടൻതന്നെ അറ്റകുറ്റപ്പണി നടത്തണമെന്ന് വാട്ടർ അതേറിട്ടിയുമായി കരാറുണ്ടെന്ന് ഹൈവെ അധികൃതർ പറയുന്നു. ഇതിനാവശ്യമായ തുക വാട്ടർ അതോറിട്ടിയിൽ അടക്കുന്നുണ്ട്. പക്ഷേ ബന്ധപ്പെട്ടവർ അനാസ്ഥകാട്ടുകയാണ്. തിരുവനന്തപുരം - ചെങ്കോട്ട പാതയിൽ മടത്തറ മുതൽ കുളത്തൂപ്പുഴ അഞ്ചൽ പാത വഴിയാണ് മലയോരഹൈവേ നിർമ്മാണം നടക്കുന്നത്. അഞ്ചൽ ഭാഗത്ത് പൊപ്പ് പൊട്ടിയാൽ ഉടൻതന്നെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ചോഴിയക്കോട് ഒാന്തുപച്ച, മൈലമൂട് ഡാലി, കണ്ടൻചിറി, കല്ലുവെട്ടാംകുഴി, അമ്പലകടവ് ആറ്റിനുകിഴക്കേകര, അമ്പതേക്കർ, കുളത്തൂപ്പുഴ ടൗൺ എന്നിവിടങ്ങളിലെല്ലാം ജലവിതരണം നിലച്ചിരിക്കുകയാണ്. ഒട്ടേറെ സ്കൂളുകളും ആരാധനാലയങ്ങളും ഇവിടെയുണ്ട്. അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് മൈലമൂട് ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി എം.ഈസ അധികൃതർക്ക് പരാതി നൽകി.