അഞ്ചൽ: ഇടമുളയ്ക്കൽ പെരുങ്ങള്ളൂർ കോഴിപ്പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇടമുളയ്ക്കൽ ഇട്ടിവ ഗ്രാമപഞ്ചായത്തുകളെയും പുനലൂർ ചടയമംഗലം നിയോജകമണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ പുനർനിർമ്മാണം നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്നു. നേരത്തെ വാഹനങ്ങൾ കടന്നുപോകുന്നതിന് പോലും കഴിയാതിരുന്ന വീതികുറഞ്ഞ പാലത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. ഇടയ്ക്ക് ഒരു ഭാഗം തകർന്ന് പാലം അപകടസ്ഥിതിയിലുമായി പാലം പുനർനിർമ്മിക്കുമെന്ന് മന്ത്രി കെ. രാജുവും മുല്ലക്കരരത്നാകരൻ എം.എൽ.എയും നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് മന്ത്രിയുടെ ശക്തമായ ഇടപെടൽ മൂലം പാലം പുനർനിർമ്മിക്കുന്നതിന് അനുമതി നേടിയെടുക്കുകയായിരുന്നു. 3.75 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത് ഏതാനും മാസങ്ങൾ മുമ്പാണ്. പാലം പൂർത്തീകരിക്കുന്നതോടെ ആയൂർ, അഞ്ചൽ മേഖലകളിൽ നിന്ന് വരുന്നവർക്ക് എളുപ്പത്തിൽ കടയ്ക്കൽ ഉൾപ്പെടെയുള്ള ചടയമംഗലം നിയോജകമണ്ഡലത്തിലെ മിക്ക സ്ഥലങ്ങളിലും എത്തിച്ചേരാൻകഴിയും. നാൽപ്പത് മീറ്റർ നീളത്തിലുള്ള പാലം എഴര അടി വീതിയിലാണ് നിർമ്മിക്കുന്നത്. ഒന്നരയടി വീതിയിൽ നടപ്പാതയും നിർമ്മിക്കുന്നുണ്ട്. ഇത്തിരക്കര ആറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ തുണുകളുടെ ഉൾപ്പെടെയുളള നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയീലാണ് നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അഞ്ചൽ അസി. എൻജിനീയർ കെ. രാഹുലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്..അടുത്ത ഓണത്തിന് മുമ്പുതന്നെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുമാരമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജലജ പറഞ്ഞു.